SignIn
Kerala Kaumudi Online
Tuesday, 08 July 2025 1.21 PM IST

അതിരുവിടുന്ന അക്രമവാസന

Increase Font Size Decrease Font Size Print Page
crime

ചെറിയ തോതിലുള്ള സംഘർഷവും അടിപിടിയുമൊക്കെ സമൂഹത്തിൽ ഏതു കാലത്തുമുള്ളതാണ്. എന്നാൽ ഭയപ്പെടുത്തുന്ന രീതിയിലാണ് ആധുനിക കാലഘട്ടത്തിൽ അതിന്റെ രൂപവും ഭാവവും മാറിവരുന്നത്. അതിക്രൂരമായ അക്രമവാസനയാണ് കുട്ടികൾ പോലും പ്രകടിപ്പിക്കുന്നത്. നിർദ്ദയമായി മർദ്ദിക്കുന്ന പഴയ പൊലീസ് രീതിയിലൊക്കെ ഇപ്പോൾ വളരെ മാറ്റം വന്നിട്ടുണ്ട്. പ്രതികളുടെ അവകാശങ്ങൾ നിയമത്താൽ സംരക്ഷിക്കപ്പെടുന്നതും മനുഷ്യാവകാശ സംഘടനകളുടെയും കമ്മിഷനുകളുടെയും മറ്റും ഇടപെടലുകളും പൊലീസ് സേനയിൽത്തന്നെ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. തല്ലി തെളിയിക്കുന്നതിനപ്പുറം ബുദ്ധിപരവും ശാസ്‌ത്രീയവുമായ അന്വേഷണത്തിലൂടെയും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലാണ് വൈഭവം പുലർത്തേണ്ടതെന്ന ബോധം പൊലീസ് വിഭാഗത്തെയാകെ സ്വാധീനിച്ചിട്ടുണ്ട്. ശാരീരികമായ ഉപദ്രവത്തിൽ നിന്ന് പൊലീസുകാർ പോലും ഒഴിയുന്ന ഇക്കാലത്തു പക്ഷേ,​ സമൂഹത്തിൽ അക്രമവാസന കൂടിവരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാവരും ആരായേണ്ട ഒരു സന്ദർഭത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്.

ലഹരിമരുന്നുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെയും സിനിമകളിലെയും മറ്റും അതിരുവിട്ട വയലൻസ് രംഗങ്ങളെയും മാത്രം കുറ്റംചാരി,​ അതു മാത്രമാണ് ഇതിനെല്ലാം കാരണമെന്നു സ്ഥാപിച്ചാൽ രോഗത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടുപിടിക്കപ്പെടാതെയും പരിഹരിക്കപ്പെടാതെയും പോയേക്കാം. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷവും തിരഞ്ഞുപിടിച്ചുള്ള മർദ്ദനങ്ങളും മറ്റും അതിരുവിടുമ്പോൾ,​ മതി എന്നു പറയാൻ പണ്ടൊക്കെ നേതൃസ്ഥാനം വഹിക്കുന്നവരുണ്ടായിരുന്നു. അവരുടെ വാക്കുകൾ കലിതുള്ളിനിൽക്കുന്നവർ പോലും അനുസരിക്കുമായിരുന്നു. അങ്ങനെ പറയുവാൻ ചങ്കൂറ്റമുള്ള നേതൃനിര വിദ്യാർത്ഥി സംഘടനകളിൽപ്പോലും ഇല്ലാതായിരിക്കുന്നു. പത്താം ക്ളാസുകാരുടെ കൂട്ടത്തല്ലിൽ പരിക്കേറ്റ വിദ്യാർത്ഥി മരണമടഞ്ഞ സംഭവം അപൂർവമെന്നോ ഒറ്റപ്പെട്ടതെന്നോ പറയാൻ കഴിയുന്നതല്ല. ജീവനെടുക്കുന്ന രീതിയിൽ ഒരാളെ തല്ലണമെന്ന അന്ധകാര വാസന വിദ്യാർത്ഥി സമൂഹത്തിൽ പടരുന്നുണ്ട് എന്ന യാഥാർത്ഥ്യമാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.

താമരശ്ശേരിയിൽ വളരെ നിസാരമായൊരു കാര്യമാണ് പതിനഞ്ചുകാരനായ സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായ കൂട്ടത്തല്ലിന് ഇടയാക്കിയത്. ട്യൂഷൻ സെന്ററിൽ യാത്രഅയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായാണ് ടൗണിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. കളിക്കുമ്പോൾ ചിലർ കൂവിയതാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. ഇതിനു പകരംവീട്ടാൻ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചുവരുത്തിയാണ് കൂട്ടത്തല്ല് നടത്തിയത്. ഷഹബാസിനെ മർദ്ദിച്ചവരുടെ കൂട്ടത്തിൽ മുതിർന്നവരും ഉണ്ടായിരുന്നെന്നും ആയുധമുപയോഗിച്ചാണ് അവർ തലയ്ക്കടിച്ചതെന്നും മാതാവ് കെ.പി. റംസീന പറഞ്ഞതിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അഞ്ചു വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവരുടെ ഭാവിയും ഇനി ചോദ്യചിഹ്നമാണ്. വരുംവരായ്കളെക്കുറിച്ച് ആലോചിക്കാതെ വികാരത്തിന്റെ തള്ളലിൽ എടുത്തുചാടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരുന്നതാണ് ഇത്തരം സംഭവങ്ങൾ ഒന്നിനു പിറകെ ഒന്നായി നടക്കാനിടയാക്കുന്നത്. അച്ചടക്കം എന്നത് എല്ലാവർക്കും തനിയെ ഉണ്ടാകുന്നതല്ല. ചിലർക്കത് പഠിപ്പിച്ചാലേ ശീലമാകൂ.

സ്‌കൂളുകളിലെ കരിക്കുലത്തിന്റെ ഭാഗമായിത്തന്നെ അച്ചടക്ക പരിശീലനങ്ങളും ആവശ്യമാണ്. ചെറിയ കാലയളവിലേക്കുള്ള നിർബന്ധിത പട്ടാളസേവനം തന്നെ ചില രാജ്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കൗമാരപ്രായത്തിൽ മറ്റ് ദൗർബല്യങ്ങൾക്കു കീഴ്പ്പെടാതെ ലക്ഷ്യബോധവും അച്ചടക്കവും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാൻ ഇത്തരം പരിശീലനങ്ങൾ നല്ലതാണ്. ഭക്ഷണശൈലിയിലും ജീവിതക്രമത്തിലും വന്ന മാറ്റങ്ങൾ അക്രമവാസന വളർത്താനുതകുന്ന രീതിയിൽ മാറിയിട്ടുണ്ടോ എന്നതും പരിശോധിക്കുന്നതിനൊപ്പം,​ മൊബൈൽ ഫോണുകളുടെ അമിത ഉപയോഗവും സോഷ്യൽ മീഡിയയുടെ അനാവശ്യ സ്വാധീനവും പുതിയ തലമുറയെ എത്രമാത്രം വഴിതെറ്റിക്കുന്നു എന്നതും തിരിച്ചറിയേണ്ടതുണ്ട്. എന്തായാലും അതിരുവിടുന്ന ഈ അക്രമവാസന തടയാനും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും നിയമപാലകർക്ക് സമൂഹം ഒന്നടങ്കം പിന്തുണ നൽകുകയാണ് ആദ്യം വേണ്ടത്.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.