ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛന് പിന്നാലെ അമ്മയും അമ്മാവനും അറസ്റ്റിൽ. കൊലപാതകത്തിന് സഹായിച്ച മാതാവ് ജെസിമോൾ (സിന്ധു - 51), കൊലപാതകം അറിഞ്ഞിട്ടും മറച്ചുവച്ച ജെസിമോളുടെ സഹോദരൻ പാതിരപ്പള്ളി മാവേലിത്തയ്യിൽ അലോഷ്യസ് പീറ്റർ (52) എന്നിവരാണ് അറസ്റ്റിലായത്. ഓമനപ്പുഴ 15-ാം വാർഡ് കുടിയാംശ്ശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനെ (28) കൊലപ്പെടുത്തിയ കേസിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ- 53)ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലാണ് താമസം. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ എയ്ഞ്ചൽ മാതാപിതാക്കളുമായി വഴക്കിട്ട് രാത്രി 9ഓടെ സ്കൂട്ടറിൽ പുറത്തു പോയി. 10ഓടെ തിരിച്ച് വീട്ടിലെത്തിയപ്പോൾ പിതാവ് ചോദ്യംചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. പിടിവലിക്കിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. ജെസിമോൾ കൈകൾ പിടിച്ചുകൊടുത്തു. തുടർന്ന് ബോധരഹിതയായി വീണ എയ്ഞ്ചലിനെ തോർത്തുകൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
വിവരമറിയിച്ചതനുസരിച്ച് അലോഷ്യസ് രാത്രി 12ഓടെ വീട്ടിലെത്തിയെങ്കിലും തിരിച്ചുപോയി. പിന്നീട് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
ഫ്രാൻസിസ് കൊലക്കുറ്റം സമ്മതിച്ചപ്പോഴും മൽപ്പിടിത്തം നടന്നതിന്റെ യാതൊരുലക്ഷണവും പിതാവിന്റെയോ മകളുടെയോ ശരീരത്തിലുണ്ടായിരുന്നില്ല. നഖത്തിന്റെ പോറൽപോലും ഏൽക്കാതിരുന്നതാണ് അമ്മയുടെ പങ്കിനെക്കുറിച്ച് പൊലീസിൽ സംശയം ജനിപ്പിച്ചത്. മരണവിവരം പൊലീസിൽ അറിയിക്കേണ്ടതില്ലെന്നായിരുന്നു ബുധനാഴ്ച വീട്ടിലെത്തിയ വാർഡംഗത്തോട് അലോഷ്യസ് ആവശ്യപ്പെട്ടത്. ജെസിയെയും അലോഷ്യസിനെയും ഇന്നലെ രാവിലെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. എയ്ഞ്ചലിന്റെ മൃതദേഹം ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ സംസ്കരിച്ചു.
മകൾ മരിക്കണമെന്ന് ആഗ്രഹിച്ചു
സ്വന്തം വീട്ടിലും ഭർതൃവീട്ടിലും നിരന്തരം പ്രശ്നമുണ്ടാക്കുന്ന എയ്ഞ്ചൽ മരിച്ചുപോയിരുന്നെങ്കിലെന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ടെന്ന് മാതാപിതാക്കളുടെ മൊഴി. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പി.സി.ഒ.ഡി) ഉള്ളതിനാൽ എയ്ഞ്ചൽ അമിതമായി ദേഷ്യം പ്രകടിപ്പിച്ചിരുന്നു. രാത്രിയിൽ കൂട്ടുകാർക്കൊപ്പം പതിവായി സ്കൂട്ടറിൽ കറങ്ങാൻ പോകുന്ന പതിവുണ്ടായിരുന്നെന്ന കുടുംബത്തിന്റെ മൊഴി വിശദമായി അന്വേഷിക്കും. പറഞ്ഞാൽ അനുസരിക്കാത്തതാണ് കൊലപാതകകാരണമെന്ന് തെളിവെടുപ്പിനെത്തിച്ചപ്പോൾ ഫ്രാൻസിസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴുത്ത് മുറുക്കാൻ ഉപയോഗിച്ച തോർത്ത് വീടിനോട് ചേർന്ന ഷെഡ്ഡിന് മുകളിൽ നിന്ന് കണ്ടെത്തി. ജുഡിഷ്യൽ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |