തൃശൂർ/പുതുക്കാട്: നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ, ആദ്യം പ്രസവിച്ചത് യൂട്യൂബ് നോക്കി. ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്നും ഇവർ പൊലീസിന് മൊഴി നൽകി. ടോയ്ലെറ്റിലായിരുന്നു പ്രസവം. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയായിരുന്നു.
2021 നവംബർ ഒന്നിനായിരുന്നു ആദ്യ കൊലപാതകം. ജനിച്ചതിന് പിന്നാലെ കുട്ടി കരഞ്ഞതോടെ അനീഷ മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തി. 2024 ആഗസ്റ്റ് 29നായിരുന്നു രണ്ടാമത്തെ പ്രസവം. ആ കുഞ്ഞിനെയും കൊലപ്പെടുത്തിയശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി കാമുകൻ ഭവിന്റെ വീട്ടിലെത്തിച്ചു. ഭവിൻ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിടുകയായിരുന്നു.
അതേസമയം, ആദ്യകുഞ്ഞിന്റെ മൃതദേഹാവശിഷ്ടത്തിൽ നിന്നും മരണകാരണം കണ്ടെത്തുക വെല്ലുവിളിയാണെന്ന് ഫോറൻസിക് വിദഗ്ദ്ധർ. കുഞ്ഞ് മരിച്ച് നാലുവർഷം കഴിഞ്ഞതിനാൽ ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങളാണ് കണ്ടെത്താനായത്. കൈമുട്ടിന്റെയും വിരലിന്റെയും ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്.
ഭവിന്റെ വീടിന്റെ കക്കൂസിനോട് ചേർന്നുള്ള തോടിനടുത്ത് ഒന്നരയടി താഴ്ചയിൽ കുഴിയെടുത്തപ്പോഴാണ് രണ്ടാമത്തെ കുഞ്ഞിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. ഒരു വിരലിന്റെ ആകൃതിയിലുള്ള അസ്ഥിയും വൃത്താകൃതിയിലുള്ള അസ്ഥിയും ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കുട്ടിയുടെ കൊലപാതകം നടന്ന് എട്ടുമാസങ്ങൾക്ക് ശേഷമാണ് പ്രതികൾ ഒരു കുട്ടിയുടെ അസ്ഥിയെടുത്തത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. രണ്ടുപേരും പറഞ്ഞ സ്ഥലത്ത് നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്.
ഫോൺ തല്ലിത്തകർത്തു
പ്രതി ഭവിന്റെ ഫോൺ കണ്ടെത്താനായിട്ടില്ല. അനീഷയുമായുള്ള വഴക്കിനിടെ ഫോൺ തല്ലിത്തകർത്തെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇതിൽ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |