പത്തനംതിട്ട: യൂട്യൂബ് ചാനലുകൾ വഴി കുടുംബത്തിനെതിരെ നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ. ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരൻ പ്രവീൺ ബാബുവിനെതിരെ അപവാദപ്രചരണം നടത്തുന്നുണ്ട്. കൂടെ നിക്കുന്നവരെ തളർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
'കേസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്‌ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അദ്ദേഹത്തെ അറിയുന്ന ആരും ഇങ്ങനെ അപവാദം പറയില്ല. കേസിന്റെ കാര്യങ്ങളിൽ ഞങ്ങളെല്ലാം ചേർന്നാണ് തീരുമാനമെടുക്കുന്നത്. വീണാ മണി എന്നൊരാൾ ഞങ്ങളെ സഹായിക്കാനാണെന്ന രീതിയിൽ യൂട്യൂബിലൂടെ അച്ഛന്റെ സഹോദരനെ കുറ്റപ്പെടുത്തുകയാണ്. ഇത് സഹായമല്ല, ഞങ്ങളെ കൂടുതൽ വേദനിപ്പിക്കുകയേ ഉള്ളു. ദയവ് ചെയ്‌ത് അറിയാത്ത കാര്യങ്ങൾ ഇങ്ങനെ പ്രചരിപ്പിക്കരുത്. കുടുംബത്തെയും ഞങ്ങളെ സഹായിക്കാനെത്തുന്നവരെയും തളർത്താനായാണ് ഓൺലൈൻ മാദ്ധ്യമങ്ങൾ വഴി ഇത്തരം അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് ' - നവീൻ ബാബുവിന്റെ മകൾ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുടുംബം. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും തള്ളിയിരുന്നു. തുടർന്നാണ് ഭാര്യ മഞ്ജുഷ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്. നിലവിൽ കണ്ണൂർ റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |