കൊച്ചി: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സി.ബി.ഐ വരില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. നരഹത്യയടക്കം ഹർജിക്കാരി സംശയിക്കുന്നുണ്ടെങ്കിലും പിൻബലമേകുന്ന വസ്തുതകളില്ലെന്ന് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവർ വ്യക്തമാക്കി.
പ്രതി പി.പി. ദിവ്യ സി.പി.എം നേതാവാണെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നും ഹർജിക്കാരി ആശങ്ക പ്രകടിപ്പിച്ചെങ്കിലും പ്രതിച്‌ഛായയ്ക്ക് വേണ്ടി രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾക്ക് ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് കോടതി വിലയിരുത്തി.
കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം (എസ്.ഐ.ടി) നടത്തുന്ന അന്വേഷണം നിഷ്‌പക്ഷമല്ലെന്ന് കരുതാനാകില്ല.
കൊലപാതക ആരോപണമടക്കം അന്വേഷിക്കണമെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട് . ഇത് ഉചിതമായ ഉത്തരവാണ്. അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറണമെങ്കിൽ ശക്തമായ വസ്തുതകൾ വേണം.
`വസ്തുതകൾ മാത്രമാണ് പ്രധാനം. അല്ലാത്തപക്ഷം കുറ്റാന്വേഷണത്തിന്റെ രീതിശാസ്ത്രം ഒരു ഊഹക്കളി പോലെയാകും.' വിഖ്യാത ചലച്ചിത്രകാരൻ ബ്ലേക് എഡ്വാർഡ്സിന്റെ വചനവും വിധിയിൽ ഉദ്ധരിച്ചു.
ആരോപണങ്ങളും
കോടതി നിലപാടും
# ബന്ധുക്കൾ എത്തുംമുമ്പ് ഇൻക്വസ്റ്റും പോസ്‌റ്റുമോർട്ടവും നടത്തിയെന്നാണ് ആരോപണം. അവരിൽ നിന്ന് അനുമതി വാങ്ങിയാണ് പൊലീസ് നടപടിയെടുത്തതെന്ന് കോടതി. # കേസ് രജിസ്റ്റർ ചെയ്യാൻ ഒരു മണിക്കൂർ 40 മിനിട്ട് വൈകിയെന്നും ആത്മഹത്യയാണെന്ന് എഴുതിവച്ചെന്നും അപ്പീലിൽ വാദമുണ്ട്. കേസ് നിഷ്പക്ഷമല്ലെന്ന് സ്ഥാപിക്കാൻ ഇതൊന്നും പര്യാപ്തമല്ലെന്ന് ഡിവിഷൻബെഞ്ച്.
# മൃതദേഹത്തിന്റെ കാൽ നിലത്ത് മുട്ടിയ നിലയിലായിരുന്നു തുടങ്ങിയ സംശയങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതിൽ അന്വേഷണം തുടരുകയാണെന്ന് കോടതി.
സംവിധാനങ്ങൾ
തളരാൻ പാടില്ല
ശക്തമായ അടിസ്ഥാനമില്ലാതെ കേസ് മറ്റൊരു ഏജൻസിയെ ഏൽപ്പിച്ചാൽ അന്വേഷണ സംവിധാനങ്ങളെ പുറത്തുനിന്ന് എളുപ്പം സ്വാധീനിക്കാനാകുമെന്ന ചിന്ത പൊതുസമൂഹത്തിൽ വളരും. കേസുകൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നത് പതിവായാൽ പൊലീസിനും ജനങ്ങൾക്കും ക്രിമിനൽ നീതിന്യായ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടമാകും. സംശയങ്ങളും ആശങ്കകളും പരിഹരിച്ച് സത്യം കണ്ടെത്തണം. പക്ഷേ അതിന്റെ പേരിൽ ഔദ്യോഗിക സംവിധാനങ്ങൾ തളരാൻ പാടില്ലെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |