കൊച്ചി: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം ജോലിക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാരുടെ 'സമരം". കഴകക്കാരൻ ചുമതലയേറ്റ ഫെബ്രുവരി 24 മുതൽ ഇവർ ക്ഷേത്രം ബഹിഷ്കരിച്ചു. കഴകക്കാരനെ മാറ്റിയശേഷം ഇന്നലെ രാവിലെയാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായ ശുദ്ധിക്രിയകൾക്ക് തന്ത്രിമാർ തയ്യാറായത്. തന്ത്രിമാരും കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയുമായി വ്യാഴാഴ്ച മൂന്നു മുതൽ രാത്രി 9വരെ നടന്ന മാരത്തൺ ചർച്ചകൾക്കുശേഷം കഴകം തസ്തികയിലുള്ള ഈഴവ സമുദായാംഗമായ മാലകെട്ടുകാരനെ ഓഫീസ് അറ്റൻഡന്റാക്കി. അടിച്ചുതളിക്കാരനായ പിഷാരടി സമുദായാംഗത്തിന് പകരം ചുമതല നൽകി.
കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽപ്പെട്ടതാണ് കൂടൽമാണിക്യം. ഭരതനാണ് പ്രതിഷ്ഠ. ആറ് തന്ത്രി കുടുംബങ്ങളിലെ തന്ത്രിമാർ മാറിമാറിയാണ് ചുമതലയെടുക്കുക. നാളെയാണ് പ്രതിഷ്ഠാദിനം. ഇതിന് മുന്നോടിയായി തന്ത്രിപൂജകൾ പതിവുള്ളതാണ്. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലൊന്നായ കൂടൽമാണിക്യം ദേവസ്വത്തിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഏഴു പേരാണ് അംഗങ്ങൾ. ഇതിലൊരാൾ തന്ത്രിമാരുടെ പ്രതിനിധിയാണ്. ആറു പേർ ഇടതുപക്ഷക്കാരും. പ്രതിഷ്ഠാദിനവും ഉത്സവച്ചടങ്ങുകളും ബഹിഷ്കരിക്കുമെന്ന തന്ത്രിമാരുടെ ഭീഷണിക്ക് മുന്നിൽ ബോർഡ് കീഴടങ്ങി. പിന്നാക്ക സമുദായാംഗമായ ചെയർമാനും സവർണസമുദായത്തിൽപ്പെട്ട ഒരംഗവും മാത്രമാണ് തന്ത്രിമാരെ എതിർത്തത്. പട്ടികജാതി പ്രതിനിധി ഹാജരായിരുന്നില്ല.
തന്ത്രിമാരുടെ
കത്ത്
കഴകം ജോലിക്ക് പിന്നാക്കക്കാരനെ നിയമിച്ചതിനെതിരെ ആറു തന്ത്രിമാരും ചേർന്ന് ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് കത്തു നൽകി. ''നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ക്ഷേത്രത്തിൽ നടന്നു. താംബൂല പ്രശ്നത്തിനും തന്ത്രിമാരുടെ അഭിപ്രായങ്ങൾക്കും എതിരാണ് ഈ തീരുമാനം. മാറ്റമുണ്ടാകും വരെ ക്ഷേത്രത്തിലെ ഒരുക്രിയകളും ചെയ്യില്ല"" എന്നാണ് കത്തിലെ ഭീഷണി. ഇതേത്തുടർന്നാണ് ഇവരെ ചർച്ചയ്ക്ക് വിളിച്ചത്.
കഴകം തസ്തികയിൽ മാലകെട്ടുകാരനായി നിയമിതനായ തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവിന് ചുമതലയേറ്റപ്പോൾ മുതൽ അമ്പലവാസികളായ മറ്റു ജീവനക്കാർ ഭ്രഷ്ടുകൽപ്പിച്ചിരിക്കുകയായിരുന്നു. അപേക്ഷ ചോദിച്ചു വാങ്ങി ഓഫീസിലേക്ക് മാറ്റിയശേഷം പ്രതികരിക്കാൻ ബാലു തയ്യാറായില്ല.
കഴകക്കാരനെ ഓഫീസിലേക്ക് മാറ്റിയത് ഭരണപരമായ തീരുമാനമാണ്. അതിന് അഡ്മിനിസ്ട്രേറ്റർക്ക് അധികാരമുണ്ട്.
-അഡ്വ.സി.കെ.ഗോപി
ചെയർമാൻ, കൂടൽമാണിക്യം ദേവസ്വം
ചട്ടവിരുദ്ധവും ആചാരവിരുദ്ധവുമായ കാര്യങ്ങൾ സംഭവിച്ചതിനാലാണ് പ്രതിഷേധിച്ചത്. കൂടുതലൊന്നും പറയാനില്ല.
-നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാട്
തന്ത്രി, ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിഅംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |