മലപ്പുറം: മാലിന്യമുക്ത നവകേരളം എന്ന ആശയത്തിലൂന്നി സർക്കാർ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കുന്ന സന്ദർഭത്തിൽ നാട് അഭിമുഖീകരിക്കുന്ന ഈ പ്രധാന പ്രശ്നത്തെ അഭിസംബോധന ചെയ്യുന്ന കേരളകൗമുദിയുടെ കാമ്പയിൻ അഭിനന്ദനാർഹമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം സൂര്യ റീജ്യൻസിയിൽ സംഘടിപ്പിച്ച മാലിന്യ മുക്ത കേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാർച്ച് 31ഓടെ മാലിന്യം പൊതുയിടങ്ങളിലേക്ക് വലിച്ചെറിയുന്നത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. മാലിന്യ നിർമ്മാർജ്ജനം അവനവന്റെ ഉത്തരവാദിത്വമായി കാണണം. അപകടകരമായ മാലിന്യങ്ങൾ കുന്നുകൂടാത്ത സംസ്ഥാനമായി കേരളം മാറണം. ഇതൊരു ജീവിതചര്യയാവണമെന്നും മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും ആശയങ്ങളും ഹൃദയത്തോട് ചേർത്തുവച്ചാണ് കേരളകൗമുദിയുടെ ഓരോ പ്രവർത്തനവും. നവോത്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്ത പങ്കാണ് കേരളകൗമുദി വഹിച്ചതെന്നും മന്ത്രി പറഞ്ഞു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള കേരളകൗമുദിയുടെ ടോപ് ബ്രാൻഡ് അവാർഡ് മന്ത്രി കെ.രാജൻ സമ്മാനിച്ചു. യു.ജി.എസ് ഗ്രൂപ്പ് എം.ഡി അജിത്ത് പാലാട്ട്, ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജിജു വർഗീസ്, മലപ്പുറം കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ പി.ഡി.ജയറാം, പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് കൊച്ചു.എസ്.മണി, എസ് ആൻഡ് എസ് ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ നിഷ വിജയൻ, ഫോക്കസ് മോട്ടോർസ് എം.ഡി അബ്ദുൽ കലാം ആസാദ്, യു.എം.എസ് ഗ്രൂപ്പ് എം.ഡി എം.പി.സതീഷ്, പോസിറ്റീവ് ബിസിനസ് സൊല്യൂഷൻസ് എം.ഡി സതീഷ് കുമാർ എന്നിവരാണ് ടോപ് ബ്രാൻഡ് അവാർഡിന് അർഹരായത്. കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുത്തൊടി അദ്ധ്യക്ഷനായി. പി.ഉബൈദുള്ള എം.എൽ.എ മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.ബി.ഷാജു മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി മലപ്പുറം ബ്യൂറോ ചീഫ് ഷാബിൽ ബഷീർ, പരസ്യവിഭാഗം അസിസ്റ്റന്റ് മാനേജർമാരായ പി. സുബ്രഹ്മണ്യൻ, സനൂബ് വാസുദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |