തിരുവനന്തപുരം: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്‌ത്രീകളെ തടങ്കലിലാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്‌ഭവൻ മാർച്ച് നടത്തി. കെസിബിസി അദ്ധ്യക്ഷൻ മാർ ക്ളീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിയാണ് പ്രതിഷേധം നടത്തിയത്. ബാവയ്‌ക്കൊപ്പം വൈദികർ,സന്യാസ സഭാംഗങ്ങൾ,വിശ്വാസികൾ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
കന്യാസ്‌ത്രീകളുടെ മോചനം എത്രയും പെട്ടെന്ന് സാദ്ധ്യമാകണമെന്ന് പ്രതിഷേധിച്ചവർ ആവശ്യപ്പെട്ടു. കന്യാസ്‌ത്രീകളുടെ സേവനങ്ങൾക്ക് കൈയടിച്ച് പിന്തുണ നൽകണമെന്ന് മാർ ക്ളീമ്മിസ് കാത്തോലിക ബാവ ആവശ്യപ്പെട്ടു. സന്യാസിനിമാർ മതേതര ഭാരതത്തിന് അഭിമാനമാണ്.അവരുടെ സേവനങ്ങൾ പതിനായിരക്കണക്കിന് പേരെ മുഖ്യധാരയിലേക്കെത്തിച്ചെന്ന് അദ്ദേഹം മാർച്ചിൽ പറഞ്ഞു. ദുർഗിലെ സെഷൻസ് കോടതി കന്യാസ്‌ത്രീമാർക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഒരുവിഭാഗം ആഹ്ളാദിക്കുന്നത് കണ്ട് വലിയ സങ്കടം തോന്നിയെന്നും മാർ ക്ളീമ്മിസ് പ്രതികരിച്ചു. രണ്ട് കന്യാസ്‌ത്രീകളെ ആറ് ദിവസമായി അകാരണമായി തുറുങ്കിലടച്ചതിന്റെ കാരണം ഭരണകൂടം പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് തള്ളിയിരുന്നു. തുടർനടപടികൾക്കായി കേസ് ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റി. കന്യാസ്ത്രീകൾക്കെതിരെ മനുഷ്യക്കടത്തടക്കമുളള ഗുരുതര കുറ്റങ്ങൾ എഫ്‌ഐആറിൽ ചുമത്തിയ പശ്ചാത്തലത്തിലാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും സെഷൻസ് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലൊരു കേസ് സെഷൻസ് കോടതിക്ക് പരിഗണിക്കാൻ അധികാരമില്ലാത്തുകൊണ്ടാണ് നടപടി. സഭാ നേതൃത്വത്തിന്റെ അഭിഭാഷകരടക്കം കോടതിയിൽ കന്യാസ്ത്രീകൾക്കായി ഹാജരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |