റെയിൽവേ ബിൽ പാസായി
ന്യൂഡൽഹി: ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിനം ത്രിഭാഷാ പദ്ധതിയെ ചൊല്ലിയും വോട്ടർ ഐഡി കാർഡുകളിലെ ഇരട്ടിപ്പ്, വോട്ടർ പട്ടികയിലെ പിശക് വിഷയങ്ങളിലും ബഹളം. ലോക‌്സഭയിൽ ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട ലാഡിംഗ് ബില്ലും രാജ്യസഭയിൽ റെയിൽവേ ഭേദഗതി ബില്ലും പാസായി.
ദേശീയ വിദ്യാഭ്യാസ പദ്ധതിയോട് സഹകരിക്കാത്തതുകൊണ്ട് വിദ്യാഭ്യാസ ഫണ്ട് നിരസിച്ചെന്ന് ഡി.എം.കെ എം.പി ഡോ. ടി. സുമതി ആരോപിച്ചതോടെയാണ് ലോക്‌സഭയിൽ ബഹളത്തിന്റെ തുടക്കം. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട 2000 കോടിയുടെ വിഹിതം നൽകാതെ പ്രതികാരം ചെയ്യുകയാണെന്നും ആരോപിച്ചു.
പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ ആദ്യം സമ്മതിച്ച തമിഴ്നാട് സർക്കാർ പിന്നീട് പിന്മാറിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മറുപടി പറഞ്ഞു. എന്നാൽ, സംസ്ഥാനം ഒരിക്കലുംഅനുകൂലിച്ചിട്ടില്ലെന്ന് സുമതി പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിൻ ഒരിക്കലും ത്രിഭാഷാ ഫോർമുല അംഗീകരിച്ചിട്ടില്ല. വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ കീഴിലുള്ള വിഷയമാണ്. ഇത് ഫെഡറൽ ഘടനയ്ക്കു നേരെയുള്ള ആക്രമണമാണ്.
തമിഴ്നാട് നിലപാട് സംസ്കാരശൂന്യതയാണെന്നും ഡി.എം.കെ സർക്കാർ വിദ്യാർത്ഥികളെ ദ്രോഹിക്കുകയാണെന്നും ധർമ്മേന്ദ്ര പ്രധാൻ ആരോപിച്ചു. ഇതിൽ പ്രകോപിതരായ ഡി.എം.കെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് ഉച്ചവരെ സഭ നിറുത്തിവച്ചു. പിന്നീട് സമ്മേളിച്ചപ്പോൾ മന്ത്രിയുടെ വാക്കുകൾ രേഖയിൽ നിന്ന് നീക്കം ചെയ്‌തെന്ന് സ്‌പീക്കർ പറഞ്ഞെങ്കിലും ബഹളം തുടർന്നു. തിരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് ഡി.എം.കെ ഈ വിഷയങ്ങൾ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തന്ത്രമാണെന്ന വാദമുയർത്തി പുതിയ വിദ്യാഭ്യാസ പദ്ധതി എതിർക്കുന്നതാണ് തർക്കത്തിന് അടിസ്ഥാനം.
വോട്ടർ പട്ടിക തർക്കം
ചർച്ച ചെയ്യണം
വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണം ചർച്ച ചെയ്യണമെന്ന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യമെമ്പാടും വോട്ടർ പട്ടികകൾ ചോദ്യം ചെയ്യപ്പെടുന്നു. മഹാരാഷ്ട്ര ഉൾപ്പെടെ പ്രതിപക്ഷം ഒരേ സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പശ്‌ചിമ ബംഗാളിലെ മുർഷിദാബാദ്, ബർദ്വാൻ പാർലമെന്റ് മണ്ഡലങ്ങളിലും ഹരിയാനയിലും ഒരേ തിരിച്ചറിയൽ കാർഡ് നമ്പരുകളുള്ള വോട്ടർമാർ ഉണ്ടെന്ന മമത ബാനർജിയുടെ ആരോപണം തൃണമൂൽ അംഗം സൗഗത റോയിയും ചൂണ്ടിക്കാട്ടി. വോട്ടർ പട്ടികയിൽ തെറ്റുകൾ സംഭവിച്ചതെങ്ങനെ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയണം.
അധികച്ചെലവിന്
അനുമതി തേടി
നടപ്പ് സാമ്പത്തിക വർഷത്തിൽ 51,462.86 കോടി രൂപ അധികമായി ചെലവഴിക്കാൻ കേന്ദ്ര സർക്കാർ പാർലമെന്റിന്റെ അനുമതി തേടി. വളം സബ്‌സിഡിക്കുള്ള 12,000 കോടി, സർക്കാർ ജീവനക്കാരുടെ പെൻഷനുള്ള 13,449 കോടി രൂപ എന്നിവ അടക്കമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |