തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പാരിസ്ഥികാനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1200 മീറ്റർ നീളത്തിലേക്ക് വിപുലീകരിക്കും. നിലവിൽ ഇത് 800 മീറ്ററാണ്. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റർ കൂടി വർദ്ധിപ്പിക്കും. കണ്ടെയ്നർ സംഭരണ യാർഡിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റർ നീളമുള്ള മൾട്ടിപർപ്പസ് ബർത്തുകൾ, 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ, ലിക്വിഡ് കാർഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കൽ, ഡ്രഡ്ജിംഗ് എന്നിവയുമുണ്ട്. അടുത്ത ഘട്ടങ്ങളുടെ നിർമ്മാണം അദാനി ഉടൻ തുടങ്ങിയേക്കും.
രണ്ടും മൂന്നും നാലും ഘട്ടങ്ങൾ 2028 ഡിസംബറിൽ പൂർത്തിയാകും. ഇതോടെ തുറമുഖശേഷി പ്രതിവർഷം 45 ലക്ഷം
കണ്ടെയ്നറുകളായി ഉയരും. വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെയായി ഉയർത്താനാവും. 2028ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി വിഴിഞ്ഞം മാറുമെന്നും മന്ത്രി പറഞ്ഞു. രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപ ചിലവാണ് പ്രതീക്ഷിക്കുന്നത്. 40വർഷത്തെ കരാർ കാലയളവിൽ തുറമുഖത്തിൽ നിന്ന് മൊത്തം 54,750 കോടി വരുമാനം പ്രതീക്ഷിച്ചിരുന്നത് 2,15,000 കോടിയാകും. ഇതിൽ സംസ്ഥാനത്തിന് 35,000കോടി വിഹിതം ലഭിക്കും. ജി.എസ്.ടിയിൽ 29,000കോടി . കോർപ്പറേറ്റ്,
പ്രത്യക്ഷ വരുമാന നികുതിയിലും വർദ്ധനവുണ്ടാകും. 36 വർഷത്തെ പ്രവർത്തനകാലയളവിൽ 48,000കോടി സർക്കാരിന് കിട്ടും. എല്ലാഘട്ടങ്ങളും പൂർത്തിയായശേഷമായിരിക്കും അദാനിക്ക് സർക്കാർ നൽകേണ്ട വി.ജി.എഫിൽ 175.20 കോടി നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |