അബുദാബി: യുഎഇയിൽ ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ തൊഴിലന്വേഷകർ കൂടുതൽ ശമ്പളം ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. തൊഴിൽ അന്വേഷകർ ആവശ്യപ്പെടുന്ന ശമ്പളവും കമ്പനികൾ നൽകുന്ന ശമ്പളവും തമ്മിൽ 30 ശതമാനത്തിന്റെ വ്യത്യാസം ഉണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, കമ്പനികൾക്ക് നിലവിൽ മികവുറ്റ ജീവനക്കാർ ഉള്ളതിനാൽ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ശമ്പളം നൽകി ജോലിക്കെടുക്കാൻ പല കമ്പനികളും ആഗ്രഹിക്കുന്നില്ല. ഇത് പുതുതായി ജോലി അന്വേഷിക്കുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. തൊഴിലുടമകൾ നൽകാൻ ഉദ്ദേശിക്കുന്നതിൽ നിന്നും 15 മുതൽ 30 ശതമാനം വരെ കൂടുതൽ ശമ്പളമാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന് നൗക്കരി ഗൾഫിന്റെ റിപ്പോർട്ടിൽ പറയുന്നു. എക്‌സ്‌പീരിയൻസ് വേണ്ടിവരുന്ന സീനിയർ തസ്‌തികകളിലേക്കാണ് ഈ വ്യത്യാസം കൂടുതലായും കാണുന്നത്. യുഎഇയിൽ തൊഴിലന്വേഷകരുടെ എണ്ണം കുതിച്ചുയരുന്നതായും നൗകരി ഗൾഫിന്റെ റിപ്പോർട്ടിൽ പറയുന്നു.
യുഎഇയിൽ ഭവന വാടക, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും ചെലവ് വർദ്ധിച്ചുവരികയാണ്. ഇതിനാലാണ് തൊഴിൽ അന്വേഷകർ കൂടുതൽ ശമ്പളം ആവശ്യപ്പെടുന്നതെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി യുഎഇയിൽ ജനസംഖ്യയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽതന്നെ എല്ലാത്തിനും ഗണ്യമായ ചെലവ് വർദ്ധിച്ചു. വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 2021ൽ 9.789 ദശലക്ഷമായിരുന്നു. 2025ൽ ഇത് 11.346 ദശലക്ഷമായി വർദ്ധിച്ചു.
യുഎഇയിൽ അടുത്ത ആറ് മാസത്തിനുള്ളിൽ 85 ശതമാനം തൊഴിലുടമകളും പുതിയ നിയമനം നടത്താൻ പദ്ധതിയിടുന്നുണ്ട്. ഏഴ് ശതമാനം കമ്പനികൾ ജോലികൾ വെട്ടിക്കുറയ്‌ക്കാനും സാദ്ധ്യതയുണ്ട്. ഒരു സർവേയിലാണ് ഈ കണ്ടെത്തൽ. എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ് മേഖലകളിലാണ് തൊഴിലാളികളുടെ കുറവുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |