തിരുവനന്തപുരം: ബഹിരാകാശത്ത് 'ഡോക്കിംഗ് ", 'ഡീ-ഡോക്കിംഗ്" സാങ്കേതിക വിദ്യയിൽ വൈദഗ്ദ്ധ്യം നേടുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ.
പ്രത്യേകം വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഒന്നിച്ചു ചേർത്തും (ഡോക്കിംഗ്) പിന്നീട് ഇവയെ വേർപെടുത്തിയുമാണ് ('ഡീ-ഡോക്കിംഗ്) ഐ.എസ്.ആർ.ഒ കരുത്ത് തെളിയിച്ചത്. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ഇന്നലെ രാവിലെ 9.30നാണ് ടാർജറ്റ്, ചേസർ എന്നീ ഉപഗ്രഹങ്ങളുടെ ഡീ-ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കിയത്. ലക്‌നൗ, ബാംഗ്ളൂർ, മൗറീഷ്യസ് ഗ്രൗണ്ട് സ്റ്റേഷനുകൾ മേൽനോട്ടം വഹിച്ചു.
ഡിസംബർ 30നാണ് 220കിലോഗ്രാം ഭാരമുള്ള ടാർജറ്റ്, ചേസർ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ജനുവരി 16ന് ഭൂമിക്ക് മുകളിൽ 470 കിലോമീറ്റർ ഉയരത്തിൽ വച്ച് ഇവയെ കൂട്ടിയോജിപ്പിച്ചിരുന്നു (ഡോക്കിംഗ് ). പിന്നീട് ഇന്നലെയാണ് അവയെ വേർപെടുത്തി വീണ്ടും രണ്ട് ഉപഗ്രഹങ്ങളാക്കിയത്. ഉപഗ്രഹങ്ങളിലെ ഒാൺബോർഡ് ക്യാമറ പകർത്തിയ ദൗത്യത്തിന്റെ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.
ആത്മവിശ്വാസം
1. കുറഞ്ഞ ചെലവിൽ വൻകിട ബഹിരാകാശ ദൗത്യങ്ങൾ നിർവ്വഹിക്കാം
2. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ നിയന്ത്രിച്ച് സങ്കീർണ്ണമായ ദൗത്യങ്ങൾക്ക് ഉപയോഗിക്കാം
3. ഗഗൻയാൻ, ചന്ദ്രയാൻ 4, സ്‌പേസ് സ്റ്റേഷൻ ദൗത്യങ്ങൾക്ക് ആത്മവിശ്വാസം നൽകും
# ഉപഗ്രഹങ്ങളുടെ വേർപെടുത്തൽ
ഡോക്കിംഗിന് ശേഷം ചേസറും ടാർജറ്റും ഒറ്റ ഉപഗ്രഹമായി ഭൂമിയെ വലംവച്ചു
മാർച്ച് 10ന് ഭൂമിക്ക് 460 കിലോമീറ്റർ ഉയരത്തിൽ ദീർഘവൃത്താകൃത ഭ്രമണപഥത്തിൽ എത്തിയതോടെ വേർപെടുത്തലിന് തുടക്കം
ആദ്യ ഘട്ടമായി ചേസറിനെ ഉയർത്തി. പരസ്പരം കൊളുത്തി കൂട്ടിപ്പിടിച്ചിരുന്ന കാപ്ചർ ലിവറിന്റെ ചേസർ ഉപഗ്രഹത്തിലെ ഭാഗം വേർപെടുത്തി
ഉപഗ്രഹങ്ങൾ പരസ്പരം നീങ്ങാനുള്ള മനോവർ കമാൻഡും വിജയിച്ചതോടെ ഇന്നലെ രാവിലെ 9.20ന് ദൗത്യം പൂർണ്ണം
നിലവിൽ ചേസറും ടാർജറ്റും രണ്ട് ഉപഗ്രഹങ്ങളായി ഭൂമിയെ ചുറ്റുന്നു. മാർച്ച് 25 വരെ ഇവയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനുള്ള സാഹചര്യം ഐ.എസ്.ആർ.ഒയ്ക്ക് ലഭിക്കും
# അടുത്തഘട്ടം
രണ്ട് ഉപഗ്രഹങ്ങൾ തമ്മിൽ ഊർജ്ജക്കൈമാറ്റം നടത്തുന്ന പവർ ട്രാൻസ്ഫർ പരീക്ഷണം. അതിനായി ഉപഗ്രഹങ്ങളെ വീണ്ടും കൂട്ടിച്ചേർത്ത് മറ്റൊരു ഡോക്കിംഗ് കൂടി നടത്തും.
-------------------
'ഡീ-ഡോക്കിംഗ് വിജയം ആത്മവിശ്വാസം നൽകുന്നു. സ്‌പെഡക്‌സ് ഉപഗ്രഹങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ വരും ദിവസങ്ങളിൽ നടത്തും."
- ഡോ. നാരായണൻ,
ചെയർമാൻ, ഐ.എസ്.ആർ.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |