കൊല്ലം: ജില്ലയിൽ വേനൽ അതിരൂക്ഷമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂർ, പാരിപ്പള്ളി, കാരുവേലിൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്ക് കാലാവസ്ഥാമാപിനികളിൽ ഈമാസം ഒട്ടുമിക്ക ദിവസങ്ങളിലും 37 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ താപനില.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൊട്ടാരക്കരയിൽ സ്ഥാപിച്ച ഇന്റർനെറ്റ് ഒഫ് തിംഗ്സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിൽ പ്രദേശത്തെ അള്‍ട്രാ വയലറ്റ് സൂചിക മിക്ക ദിവസങ്ങളിലും 8 - 10 വരെയാണ്. ഇന്നലെ 10 ആണ് രേഖപ്പെടുത്തിയത്.
അള്‍ട്രാവയലറ്റ് സൂചിക 6 മുതൽ 7 വരെയാണെങ്കിൽ മുൻകരുതൽ സ്വീകരിക്കേണ്ട സാഹചര്യമാണ്. 8 മുതൽ 10 വരെ അതീവ ജാഗ്രത പുലർത്തണം. 11 മുകളിലായാൽ ഏറ്റവും ഗുരുതര സാഹചര്യമാണ്. സൂചിക കൊട്ടാരക്കരയിൽ മാത്രമാണ് നിലവിൽ ലഭ്യമെങ്കിലും ജില്ലയുടെ എല്ലാ ഭാഗത്തും ജാഗ്രത പുലർത്തണം. അൾട്രാവയലറ്റ് സൂചിക കൂടുതൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ്. ഈസമയം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. സൂര്യാതപം, ത്വക്ക്, നേത്രരോഗങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം.
ജാഗ്രത വേണം
വെള്ളം കുടി ശീലമാക്കണം
നിർജ്ജലീകരണം തടയാൻ കൃത്യമായ ഇടവേളകളിൽ ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. പുറത്ത് പോകുന്നവർ കൈയിൽ കുപ്പിവെള്ളം കരുതണം. നിർജ്ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പഴച്ചാറുകൾ, സംഭാരം, ഒ.ആർ.എസ് ലായനി തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക.
ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം.
എൻ.ദേവിദാസ്, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |