കൊല്ലം: പവിത്രേശ്വരം മായംകോട് മലനട മലദേവ ക്ഷേത്രം. മഹാഭാരതത്തിലെ ശകുനി മുഖ്യ ആരാധനാമൂർത്തിയായ രാജ്യത്തെ ഏക ക്ഷേത്രം. മഹാഭാരതത്തിൽ ശകുനി കുടിലബുദ്ധിക്കാരനാണെങ്കിൽ പവിത്രേശ്വരത്തുകാർക്ക്, കൗരവരെ കാത്തതുപോലെ നാടുകാക്കുന്ന മലനട ദേവനും മലഅപ്പൂപ്പനുമാണ്.
കരിങ്കല്ലിൽ വരച്ച ശകുനിയുടെ ചിത്രത്തെയാണ് പണ്ട് ഇവിടെ ആരാധിച്ചിരുന്നത്. ദേവപ്രശ്ന വിധിപ്രകാരം മൂന്നരപതിറ്റാണ്ട് മുമ്പ് കൃഷ്ണശിലയിൽ കൊത്തിയ പരമശിവനെ ധ്യാനിക്കുന്ന ശകുനിയുടെ രൂപമാക്കി. വെറ്റിലയും പാക്കും ചുണ്ണാമ്പും അടങ്ങിയ അടുക്ക്, പട്ട്, മണി എന്നിവയാണ് പ്രധാന നിവേദ്യം. ചുറ്റമ്പലമില്ലാത്ത ക്ഷേത്രത്തിൽ നാഗരാജാവ്, ഭുവനേശ്വരി, ബ്രഹ്മരക്ഷസ്, മുഹൂർത്തി, കിരാതമൂർത്തി എന്നീ ഉപദേവതകളുണ്ട്.
പാണ്ഡവർക്കും കൗരവർക്കും ശകുനി ശരങ്ങൾ പകുത്തുനൽകിയ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. ശകുനി ഇതേസ്ഥലത്തെത്തി പതിവായി പരമശിവനെ ധ്യാനിച്ചിരുന്നതായും ഐതിഹ്യമുണ്ട്. നൂറ്റാണ്ടുകൾ കഴിഞ്ഞ് കുറവസമുദായാംഗമായ സ്ത്രീ പുല്ലരിയുന്നതിനിടയിൽ അരിവാൾ ശകുനി പണ്ടിരുന്ന പാറയിൽ തട്ടി രക്തം വാർന്നു. ഇതോടെ സ്ത്രീ പെട്ടെന്ന് തേജസ്വനിയായി മാറി.
തുടർന്ന് 'ഞാൻ കൗരവമാതുലനായ ശകുനിയാണ്. മഹാദേവനെ ധ്യാനിച്ച് ഇവിടെ കുടികൊള്ളുകയാണ്' എന്ന് ഉച്ചത്തിൽ പറഞ്ഞശേഷം സ്ത്രീ ബോധരഹിതയായി. ഈ സ്ഥലത്ത് പ്രദേശവാസികൾ കല്ലിൽ ശകുനിയുടെ ചിത്രംവരച്ച് ആരാധന തുടങ്ങി. രക്തംവാർന്ന പാറ ക്ഷേത്രത്തിൽ പ്രത്യേകം സൂക്ഷിച്ച് ആരാധിക്കുന്നുണ്ട്. 'പകുത്തേ ശരം' എന്ന സ്ഥലം കാലക്രമേണ പവിത്രേശ്വരമായി മാറിയെന്നാണ് പറയപ്പെടുന്നത്.
നിവേദ്യം കള്ളും മദ്യവും
പണ്ട് മലഅപ്പൂപ്പന് കള്ള് നിവേദ്യമായി നൽകുമായിരുന്നു. ദേവപ്രശ്നവിധി പ്രകാരം ഇപ്പോൾ ഉപദേവതയായ
മുഹൂർത്തി വഴിയാണ് കള്ളും വിദേശമദ്യവും നൽകുന്നത്. മകരമാസത്തിലെ ഉച്ചാരനാളിലാണ് ഉത്സവം. ഉച്ചാരദിവസത്തെ പ്രധാനപ്രസാദം കള്ളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ എത്തുന്നുണ്ട്.
ഊരാളി കുറവസമുദായാംഗം
ക്ഷേത്രത്തിലെ പൂജാരിയെ ഊരാളിയെന്നാണ് വിളിക്കുന്നത്. പണ്ട് ശകുനിയെ ആരാധിച്ച് തുടങ്ങിയത് കുറവ സമുദായക്കാരായതിനാൽ ക്ഷേത്രത്തിലെ ഊരാളിയും സഹായിയായ പിണിയാളും ഈ സമുദായാംഗങ്ങളാണ്. ക്ഷേത്രഭരണത്തിന് നേതൃത്വം നൽകുന്ന 33 അംഗ കമ്മിറ്റിയിൽ ഈഴവർ, നായർ, പട്ടികജാതി, പട്ടികവർഗം അടക്കമുള്ള സമുദായക്കാരുമുണ്ട്. 11പേർ വനിതകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |