ബംഗളൂരു: സ്വർണക്കടത്തുക്കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യാ റാവുവിന്റെ ജാമ്യാപേക്ഷ കർണാടകയിലെ പ്രത്യേക കോടതി തളളി. നടിക്കെതിരെ ഗൗരവകരമായ കുറ്റങ്ങൾ ചുമത്തിയതിനെ തുടർന്നാണ് നടപടി. മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി നടി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തിയിരുന്നു.
നടിക്ക് അന്താരാഷ്ട്ര സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നതിനെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിചയമില്ലാത്ത ഫോൺ നമ്പരുകളിൽ നിന്ന് തനിക്ക് സ്വർണം കടത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതായും നടി മൊഴി നൽകിയിട്ടുണ്ട്. യൂട്യൂബ് വീഡിയോകൾ കണ്ടാണ് സ്വർണം ഒളിപ്പിക്കാൻ പഠിച്ചതെന്നും ആദ്യമായാണ് സ്വർണം കടത്തിയതെന്നും രന്യ മൊഴി നൽകി. ദുബായ് വിമാനത്താവളത്തിൽ ഗൗൺ ധരിച്ച ഉയരമുളള ഒരാളാണ് തനിക്ക് സ്വർണം കൈമാറിയതെന്നും പറയുന്നു.
കടത്തുന്ന ഓരോ കിലോഗ്രാം സ്വർണത്തിനും ഒരു ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്നും അത്തരത്തിൽ ഓരോ യാത്രയിലും 1213 ലക്ഷം രൂപ നടി സമ്പാദിച്ചതായാണ് വിവരം. രന്യയുടെ ഭർത്താവും ജിതിൽ ഫുക്കേരിയും അന്വേഷണ പരിധിയിൽ വന്നിട്ടുണ്ട്. ബംഗളൂരു വിമാനത്താവളത്തിലെത്തിയ രന്യയെ സഹായിക്കാനായി അവരുടെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവു നിർദ്ദേശിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് കോൺസ്റ്റബിൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. രന്യക്കുപിന്നിൽ വൻ റാക്കറ്റുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |