വാഷിംഗ്ടൺ: സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി പാകിസ്ഥാൻ അടക്കം 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യു.എസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പട്ടികയിലെ രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
ഒന്നാം ഗ്രൂപ്പിൽപ്പെട്ട അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ഉത്തര കൊറിയ തുടങ്ങി 10 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള വിസ പൂർണമായും നിറുത്തിവയ്ക്കാനാണ് ആലോചന. രണ്ടാം ഗ്രൂപ്പിലെ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, സൗത്ത് സുഡാൻ എന്നിവയ്ക്ക് ഭാഗിക വിസാ നിയന്ത്രണം. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളും മറ്റ് ഇമിഗ്രന്റ് വിസകളും ഇവർക്ക് ലഭിക്കില്ല. എന്നാൽ ചില ഇളവുകൾ ലഭിച്ചേക്കും.
ബെലറൂസ്, പാകിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിങ്ങനെ 26 രാജ്യങ്ങളാണ് മൂന്നാം ഗ്രൂപ്പിൽ. 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ അതത് സർക്കാരുകൾ ശ്രമിക്കണം. ഇല്ലെങ്കിൽ ഈ രാജ്യങ്ങൾക്കുള്ള യു.എസിന്റെ വിസാ വിതരണവും ഭാഗികമായി നിറുത്തും. ലിസ്റ്റിൽ മാറ്റങ്ങൾ വരാമെന്നും ട്രംപ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലിസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |