ന്യൂഡൽഹി : യു.എസ് മണ്ണിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് യു.എസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്. ഡൽഹിയിൽ സംഘടിപ്പിച്ച ലോക ഇൻലിജന്റ്സ് മേധാവിമാരുടെ സമ്മേളനത്തിനെത്തിയതാണ് തുൾസി. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി ഗബ്ബാർഡ് കൂടിക്കാഴ്ച നടത്തി. യു.എസിലും കാനഡയിലും ഇന്ത്യയ്‌ക്കെതിരെ ഖാലിസ്ഥാൻ ഭീകരവാദം വളരുന്നത് ഡോവൽ സൂചിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം. ഖാലിസ്ഥാൻ ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്‌വന്ത് സിംഗ് പന്നൂൻ യു.എസിലിരുന്ന് ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് ഉൾപ്പെടെ രഹസ്യാന്വേഷണ മേധാവിമാരുടെ കോൺഫറൻസിൽ ചർച്ചയായി. കോൺഫറൻസ് ഇന്നും തുടരും.
രണ്ടുദിവസത്തെ സുരക്ഷാ കോൺഫറൻസിൽ കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി, ന്യൂസിലൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ മേധാവികൾ പങ്കെടുക്കും. ഇന്റലിജൻസ് വിവരങ്ങളുടെ പരസ്‌പര കൈമാറ്റം, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി രണ്ടാമതും ചുമതലയേറ്റ ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പ്രമുഖ ഉന്നത ഉദ്യോഗസ്ഥയാണ് തുൾസി. സൈബർ സുരക്ഷയിൽ നാളെ റെയ്സീന ഡയലോഗും നിശ്ചയിച്ചിട്ടുണ്ട്.
യു.എസ് കോൺഗ്രസിലെ
ആദ്യ ഹിന്ദു
യു.എസ് വംശജയെങ്കിലും ഹിന്ദുമത വിശ്വാസിയാണ് തുൾസി ഗബ്ബാർഡ്. യു.എസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗം. സത്യപ്രതിജ്ഞ ചെയ്‌തത് ഭഗവദ്ഗീതയിൽ തൊട്ട്. തുൾസിയുടെ അമ്മ കരോൾ എല്ലാ മക്കൾക്കും ഹിന്ദു പേരിട്ടു. ഭക്തി, ജയ്, ആര്യൻ, വൃന്ദാവൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞമാസം യു.എസ് സന്ദർശിച്ചപ്പോൾ തുൾസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |