ഭക്ഷണവും ആരോഗ്യവും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില ഭക്ഷണങ്ങൾ പൊണ്ണത്തടിയും ഗുരുതര രോഗങ്ങളുമൊക്കെയുണ്ടാക്കും. ഇതുമായി ബന്ധപ്പെട്ട് യു എസ് ഹെൽത്ത് ആൻഡ് ഹ്യുമൺ സർവീസ് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ പറഞ്ഞ ചില കാര്യങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അമേരിക്കയിൽ കുറച്ചു കാലമായി വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, പ്രമേഹം, ഓട്ടോഇമ്മ്യൂൺ ഡിസോർഡേഴ്സ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ പ്രധാനമായും 'കെമിക്കലി പ്രോസസ്ഡ് ഫുഡ് മൂലമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇത്തരം ഭക്ഷണങ്ങൾ ആളുകൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് വളരെയേറെ ദോഷം ചെയ്യുമെന്നാണ് കെന്നഡി പറയുന്നത്. സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം പോലുള്ളവയിൽ നിന്ന് അത്തരം ഭക്ഷണങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. 'അമേരിക്കക്കാരുടെ ആരോഗ്യം തിരികെ കൊണ്ടുവരാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും'- അദ്ദേഹം വ്യക്തമാക്കി.
2000ത്തിന് ശേഷം ഭക്ഷണത്തിലോ ഭക്ഷ്യ പാക്കേജിംഗിലോ ഉപയോഗിക്കുന്ന പുതിയ രാസവസ്തുക്കളിൽ 99 ശതമാനവും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അല്ല, മറിച്ച് ഫുഡ് ആൻഡ‌് കെമിക്കൽ ഇൻഡസ്ട്രി ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഹൃദ്രോഗം, ഡിമെൻഷ്യ, പ്രമേഹം എന്നിവയുൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക നിലവിലുണ്ട്. അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങൾ അകാല മരണ സാദ്ധ്യത കൂട്ടുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠന റിപ്പോർട്ടിൽ പറയുന്നത്.
പോഷകാഹാര വിദഗ്ധർ പറയുന്നത്
ഇന്ന് മാർക്കറ്റിൽ കിട്ടുന്ന മിക്ക ഭക്ഷണങ്ങളും ഫ്രീസ് ചെയ്യുകയോ, പൊടിക്കുകയോ, ഫെർമെന്റേഷനോ പാസ്ചറൈസേഷനോ വിധേയമാക്കിയവയാണ്. എന്നിരുന്നാലും പ്രോസസ്‌ഡ് ആയ എല്ലാ ഭക്ഷണങ്ങളും അനാരോഗ്യകരമാണെന്ന് പറയാനാകില്ല. ഉദാഹരണത്തിന് തൈര്. പ്രോസസ്‌ഡ് ആണെങ്കിലും പോഷകസമൃദ്ധവുമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
ആരോഗ്യത്തിന് ഹാനികരമാണോ?
അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളിൽ പലപ്പോഴും സോഡിയം, കൊഴുപ്പ്, പഞ്ചസാര എന്നിവ കൂടുതലും നാരുകൾ, പ്രോട്ടീൻ എന്നിവ കുറവുമാണ്. ഇവ മാത്രമാണോ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് വ്യക്തമല്ല. ഇത്തരം ഭക്ഷണങ്ങൾ പൊണ്ണത്തടിക്ക് കാരണമാകുമെന്നും പല പഠന റിപ്പോർട്ടിലും പറയുന്നു.
2019ൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണ റിപ്പോർട്ട് പ്രകാരം, ഇരുപതുപേർക്ക് മുന്നിൽ അൾട്രോ പ്രോസസ്ഡും പ്രോസസ് ചെയ്യാത്തതുമായ ഭക്ഷണങ്ങൾ നിരത്തി. രണ്ടാഴ്ച ഇതിൽ ഇഷ്ടമുള്ളത് കഴിക്കാൻ പറഞ്ഞു. ഈ കാലയളവിൽ പ്രോസസ്സ് ചെയ്യാത്ത ഭക്ഷണങ്ങൾ കഴിച്ചതിനേക്കാൾ അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിച്ചവർക്ക് പ്രതിദിനം 500 കലോറി അധികം കൂടുതൽ കഴിച്ചുവെന്ന് ഗവേഷകർ കണ്ടെത്തി. രണ്ടാഴ്ചകൊണ്ട് അവരുടെ ഭാരം ശരാശരി ഒരു കിലോഗ്രാം) വർദ്ധിച്ചു. അതേസമയം പ്രോസസ്സ് ചെയ്യാത്ത ഭക്ഷണങ്ങൾ മാത്രം കഴിച്ചവരുടെ ഏകദേശം ഒരു കിലോ കുറഞ്ഞു.
അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് വാദിക്കുന്നവരും ഏറെയാണ്. പഞ്ചസാര പാനീയങ്ങളുടെ നികുതി വർദ്ധിപ്പിക്കുക, നിർമ്മാതാക്കൾക്ക് സോഡിയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ഇത്തരം സാധനങ്ങൾ ചേർത്ത ഭക്ഷണങ്ങൾ കുട്ടികൾക്ക് വിപണനം ചെയ്യാതിരിക്കാൻ നടപടി കർശനമാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് പലരും മുന്നോട്ടുവയ്ക്കുന്നത്.
നിയന്ത്രിക്കാനാകില്ലേ?
മലയാളികൾ അടക്കമുള്ളവർ അൾട്രാ പ്രോസസ്ഡ് ഫുഡ് സജീവമായി ഉപയോഗിക്കാറുണ്ട്. ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലെങ്കിൽ സ്വിഗ്ഗിയിലോ സൊമാറ്റോയിലോ ബർഗറോ മറ്റോ ഓർഡർ ചെയ്യുന്നത് അവരുടെ ശീലമായിക്കഴിഞ്ഞു. അല്ലെങ്കിൽ സൂപ്പർമാർക്കറ്റിൽ പോയി എന്തെങ്കിലും വാങ്ങി കഴിക്കും.
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ അൾട്രാ പ്രോസസ്ഡ് ഫുഡ് ഒറ്റയടിക്ക് നിയന്ത്രിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായ മാർഗനിർദ്ദേശത്തിന്റെ അഭാവവും ഒരു വെല്ലുവിളിയാണെന്ന് സെന്റർ ഫോർ സയൻസ് ഇൻ ദി പബ്ലിക് ഇന്ററസ്റ്റിലെ അവീവ മ്യൂസിക്കസ് പറയുന്നു. പാചകം ചെയ്യാൻ ആളുകൾക്ക് സമയമില്ലാത്തതും ഒരു വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |