കൊച്ചി: ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൊച്ചി വല്ലാർപാടം പനമ്പുകാട്ടെ മത്സ്യഫാം ഉടമയുടെ ഭാര്യയാണ് ആക്രമണത്തിനിരയായത്. മത്സ്യഫാം നടത്തുന്ന പോൾ പീറ്ററുടെ ഭാര്യ വിന്നിക്കാണ് പരിക്കേറ്റത്. മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടകൾ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിന്നിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൈകൾക്ക് ഒടിവുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിന്നി.
ചെമ്മീൻകെട്ട് നടത്തുന്ന പോളും വിന്നിയും രാത്രി പതിനൊന്ന് മണിയോടെ ഫാമിൽ നിന്ന് മടങ്ങാൻ ഒരുങ്ങവേയാണ് ആക്രമണമുണ്ടായത്. സമീപത്തുതന്നെയുള്ള മറ്റൊരു ഫാമിലേയ്ക്ക് സാധനങ്ങൾ എടുക്കാൻ പീറ്റർ പോയ സമയത്തായിരുന്നു സംഭവം. ഈ സമയം വിന്നി വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ മൂന്നുപേർ അടുത്തേയ്ക്ക് വരുന്നതുകണ്ട് ഭയന്ന വിന്നി ഇവരുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് പീറ്റർ പറഞ്ഞു. കമ്പിവടികൊണ്ടുള്ള അടിയേറ്റ് വീണ വിന്നിയെ നിലത്തിട്ടും മർദ്ദിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ വിന്നിയുടെ തലയ്ക്ക് ഇരുപതോളം സ്റ്റിച്ചുകളുണ്ട്. കൈകൾക്ക് പൊട്ടലുണ്ട്. വാരിയെല്ലിന് ഒടിവുണ്ടോയെന്നതിൽ പരിശോധന നടക്കുകയാണെന്നും പീറ്റർ അറിയിച്ചു. ഫാം ആരംഭിച്ചതുമുതൽ പ്രശ്‌നങ്ങൾ നേരിടുകയാണെന്ന് പീറ്റർ പറയുന്നു. ഫാം ഏറ്റെടുത്തതിന് പിന്നാലെ പ്രദേശത്ത് സിസിടിവികളും ലൈറ്റുകളും സ്ഥാപിച്ചു. ഇതിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും പീറ്റർ വെളിപ്പെടുത്തി. ഒരു പ്രാദേശിക നേതാവ് വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായും ഇയാൾ വ്യക്തമാക്കി. സംഭവത്തിൽ മുളവുകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |