കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെബിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ തേജസ് കഴിഞ്ഞ കുറച്ച് കാലങ്ങളായി മാനസികവിഷമത്തിലായിരുന്നെന്ന് അയൽവാസി ജോൺസൺ പറയുന്നു. ഫെബിന്റെ സഹോദരി വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ തേജസ് മാനസികമായി തകർന്നു. ബി.ടെക് പഠിക്കുന്ന സമയത്താണ് തേജസ് പെൺകുട്ടിയുമായി അടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കോളേജിൽ പഠിക്കുന്ന സമയത്താണ് തേജസ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പ്രണയം രണ്ട് വീട്ടുകാരും സമ്മതിച്ചിരുന്നു. പെൺകുട്ടിക്ക് ജോലി കിട്ടിയപ്പോഴാണ് പിന്മാറ്റമുണ്ടായത്. അത് തേജസിനെ മാനസികമായി തകർത്തിരുന്നു. അടുത്ത സമയത്ത് ഇതുമായി ബന്ധപ്പെട്ട് എന്തോ കൗൺസിലിംഗ് എടുത്തിരുന്നു. അച്ഛനെ പോലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആകണമെന്ന ആഗ്രഹിച്ചയളായിരുന്നു തേജസ്. പരീക്ഷ എഴുതി പാസായിരുന്നു. പിന്നെ ഫിസിക്കൽ ടെസ്റ്റ് മാത്രം പരാജയപ്പെട്ടിരുന്നു'- ജോൺസൺ പറഞ്ഞു.
ഉളിയക്കോവിൽ വിളപ്പുറം മാതൃകാനഗർ 162 ഫ്‌ളോറി ഡെയിലിൽ ഫെബിൻ ജോർജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്. നീണ്ടകര പുത്തൻതുറ തെക്കേടത്ത് വീട്ടിൽ തേജസ് രാജുവാണ് (22) ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നു ഫെബിൻ. കൊല്ലം ഡി.സി.ആർ.ബിയിലെ ഗ്രേഡ് എസ്.ഐ രാജുവിന്റെ മകനാണ് തേജസ് രാജു.
ഫെബിന്റെ സഹോദരിയെ വിവാഹംചെയ്തു കൊടുക്കാത്തതിലുള്ള രോഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 6.45 ഓടെയായിരുന്നു സംഭവം. വെള്ള വാഗൺ ആർ കാറിൽ ഫെബിന്റെ വീടിന് സമീപമെത്തിയ തേജസ് രാജു അല്പനേരം കാത്തുനിന്നശേഷം മടങ്ങിപ്പോയി. 6.45 ഓടെ പർദ്ദ ധരിച്ച് ഫെബിന്റെ വീട്ടിലെത്തി ബെൽ മുഴക്കി. വാതിൽ തുറന്ന ഫെബിനുമായി പിടിവലിയായി. കൈയിൽ കരുതിയിരുന്ന പെട്രോൾ മുറിയിലേക്ക് ഒഴിച്ചു. കത്തികൊണ്ട് ഫെബിന്റെ നെഞ്ചിൽ രണ്ടിടത്ത് കുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |