ആലുവ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ രണ്ടുപേർക്ക് ലോക്കോ പെെലറ്റിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരികെ കിട്ടി. തിരുവനന്തപുരം - ഷാലിമാർ എക്സ്‌പ്രസിലെ ലോക്കോ പൈലറ്റ് കായംകുളം ഐ.ടി കവല മുഹബത്ത് വീട്ടിൽ അൻവർ ഹുസൈനാണ് മഹാരാഷ്ട്ര സ്വദേശികളായ ആനന്ദൻ (47), അരുൺ ഷിൻഡെ (25) എന്നിവർക്ക് രക്ഷയായത്.
ട്രെയിൻ വൈകിയതിന്റെ കാരണം ബോധിപ്പിക്കാൻ പകർത്തിയ വീഡിയോ പുറത്തായതോടെയാണ് ശനിയാഴ്ച രാത്രി 9.45നുണ്ടായ സംഭവം ആളുകളറിഞ്ഞത്. ട്രാക്കിനിടയിൽ കുടുങ്ങിയ ഇരുവർക്കും മുകളിലായാണ് എൻജിന്റെ മുൻഭാഗം വന്നു നിന്നത്. ട്രെയിൻ ആലുവ സ്റ്റേഷൻ വിട്ട് ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ട്രാക്കിൽ ഒരാൾ നിൽക്കുന്നതും മറ്റൊരാൾ ഇരിക്കുന്നതും കണ്ടത്. നിൽക്കുന്നയാൾ രണ്ടാമനെ ഉയർത്തി മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അടിയന്തര ബ്രേക്ക് സംവിധാനം ഉപയോഗിച്ചു. കോപൈലറ്റ് സുജിത് സുധാകരൻ ട്രാക്കിലിറങ്ങി നോക്കിയപ്പോൾ ഇരുവരും സുരക്ഷിതരാണെന്ന് വ്യക്തമായി.
തുണിക്കച്ചവടക്കാരനായ ആനന്ദന്റെ സഹോദരീ പുത്രനാണ് സ്വകാര്യ ഗ്യാസ് ഏജൻസി ജീവനക്കാരനായ അരുൺ. ട്രാക്കിൽ അനധികൃതമായി പ്രവേശിച്ചതിന് ഇരുവർക്കുമെതിരെ ആർ.പി.എഫ് കേസെടുത്തു.
പുണ്യമാസത്തിലെ പുണ്യം
ആലുവ: രണ്ടു പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് റംസാനിലെ പുണ്യമാണെന്ന് അൻവർ ഹുസൈൻ (52) 'കേരളകൗമുദി"യോട് പറഞ്ഞു.
28 വർഷത്തെ സർവീസിനിടെ നിരവധി പേർക്ക് ജീവൻ നഷ്ടമാകുന്നതു കണ്ടിട്ടുണ്ട്. ഒരേസമയം രണ്ട് പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായത് ആദ്യമായാണ്.
അസി. ലോക്കോ പെെലറ്റായി സർവീൽ പ്രവേശിച്ച അൻവർ ഹുസൈൻ നിലവിൽ ലോക്കോ പെെലറ്റ് മെയിൽ ആൻഡ് എക്സ്‌പ്രസ് തസ്തികയിലാണ്.
ആലപ്പുഴ നഗരസഭ മുൻ കൗൺസിലറും ആലപ്പുഴ എൽ.എം.എച്ച്.എസ്.എസ് അദ്ധ്യാപികയുമായ ഹസീന അമാൻ ഭാര്യയാണ്. ഏക മകൾ ഹസ്മി ബി.എഡ് വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |