വർക്കല: ഗുരുകുല സമ്പ്രദായത്തിലൂടെയും ഗുരുശിഷ്യ പാരമ്പര്യത്തിലൂടെയും നാരായണഗുരുവിന്റെ ദർശനം ലോകത്തിനു പകർന്നു നല്കിയ നടരാജഗുരുവിന്റെ 52-ാമത് സമാധി വാർഷികം വർക്കല നാരായണഗുരുകുലത്തിൽ ഇന്ന് ആചരിക്കും. ഗുരുദേവന് ഏറ്റവും പ്രിയമുള്ള ശിഷ്യനും ഗുരുദേവൻ വിഭാവനം ചെയ്ത ഏകലോക വ്യവസ്ഥിതിയുടെ പ്രചാരകനുമായിരുന്നു നടരാജഗുരു. ശ്രീനാരായണ ഗുരുവിനായി സമർപ്പിച്ചതായിരുന്നു നടരാജഗുരുവിന്റെ ജീവിതം. സാമൂഹ്യപരിഷ്കർത്താവും എസ്.എൻ.ഡി.പി യോഗത്തിന്റെ ശില്പികളിൽ പ്രധാനിയുമായിരുന്ന ഡോ. പി. പല്പുവിന്റെയും ഭഗവതിയമ്മയുടെയും മകനായി 1895 ഫെബ്രുവരി 18 നാണ് നടരാജഗുരു ജനിച്ചത്.
ശ്രീനാരായണഗുരുവിന്റെ ദാർശനിക ഗ്രന്ഥങ്ങൾ ദി വേഡ് ഒഫ് ദ ഗുരു എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലോകമെങ്ങും പ്രചരിപ്പിച്ചത് നടരാജഗുരുവാണ്. ഇംഗ്ലീഷിൽ മാത്രമല്ല, മലയാളത്തിലും ഫ്രഞ്ചിലും ഒട്ടനവധി പുസ്തകങ്ങൾ നടരാജ ഗുരുവിന്റെതായിട്ടുണ്ട്.
വർക്കല നാരായണഗുരുകുലത്തിൽ ഇന്നു രാവിലെ 9.30ന് ഹോമം, ഉപനിഷത്ത് പാരായണം എന്നിവയ്ക്കുശേഷം നാരായണഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് നയിക്കുന്ന ദർശന മാലയുടെ പ്രതിമാസ പഠനക്ലാസ് ഉണ്ടായിരിക്കും. 11 മണി മുതൽ നടക്കുന്ന സമാധി ദിനാചരണത്തിൽ ഗുരു മുനിനാരായണ പ്രസാദ്, സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, ഡോ. എം.വി. നടേശൻ, സി. എച്ച്. മുസ്തഫ മൗലവി, ഗുരുകുലത്തിലെ മറ്റു സന്യാസിമാർ തുടങ്ങിയവർ സംസാരിക്കും. പങ്കെടുക്കുന്ന എല്ലാ ഗുരുകുല ബന്ധുക്കൾക്കും നടരാജ ഗുരുവിനെക്കുറിച്ച് സംസാരിക്കാൻ അവസരമുണ്ടായിരിക്കുമെന്ന് സ്വാമി ത്യാഗീശ്വരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |