ലക്നൗ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുഎസ് കമ്പനിയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്‌പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൗരഭിന്റെ ഭാര്യ മുസ്‌കാൻ റസ്തോഗി (27), കാമുകൻ സാഹിൽ ശുക്ള (25) എന്നിവർ അറസ്റ്റിലായി. മുസ്‌കാനും സാഹിലും ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം. ഭർത്താവ് നാട്ടിലെത്തിയാൽ ലഹരി ഉപയോഗം മുടങ്ങുമെന്ന ഭയത്താലാണ് കൊല നടത്തിയതെന്നാണ് വിവരം.
മുസ്‌കാൻ വീട്ടിലെത്തി തങ്ങളെ കണ്ടിരുന്നുവെന്നും ഭർത്താവിനെ താൻ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായും യുവതിയുടെ മാതാപിതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉടനെ മകളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. 'മകൾക്ക് വേണ്ടി സ്വന്തം മാതാപിതാക്കളെയും കോടികൾ വിലമതിക്കുന്ന സ്വത്തും സൗരഭ് ഉപേക്ഷിച്ചു. എന്നാൽ അവൾ അവനെ കൊന്നുകളഞ്ഞു. അവളെ തൂക്കിലേറ്റണം. ക്രൂരകൃത്യത്തിന് പിന്നിൽ ലഹരിയാണ്. സൗരഭ് നാട്ടിലെത്തിയാൽ ലഹരി മുടങ്ങുമെന്നും സാഹിലിനെ കാണാൻ സാധിക്കില്ലെന്നും ഭയന്നു. ഇക്കാരണത്താലാണ് ഭർത്താവിനെ കൊന്നതെന്നാണ് മകൾ പറഞ്ഞത്. മകളുടെ ഭാരം 10 കിലോയോളം കുറഞ്ഞിരുന്നു. ഭർത്താവ് അടുത്തില്ലാത്തതിന്റെ മനോവിഷമം മൂലമാണെന്ന് കരുതി. മയക്കുമരുന്ന് ഉപയോഗത്താലാണ് ഭാരം കുറഞ്ഞതെന്ന് അറിയില്ലായിരുന്നു'- മുസ്‌കാന്റെ പിതാവ് പ്രമോദ് കുമാർ പറഞ്ഞു.
മാർച്ച് നാലിനാണ് സൗരഭിനെ കാണാതാകുന്നത്. യുവതിയും കാമുകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതക ശേഷം ഭർത്താവിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് സന്ദേശം അയക്കുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിടുകയും ചെയ്ത് യുവതി ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ ദിവസങ്ങളായി സൗരഭ് വീട്ടിൽ വിളിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മുസ്കാൻ കുറ്റം സമ്മതിച്ചു. സൗരഭിന്റെ മൃതദേഹം കണ്ടെത്തിയ പൊലീസ് പോസ്റ്റ‌്മോർട്ടത്തിന് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |