സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയാണ് താരമാണ് വീണ മുകുന്ദൻ. ഒരു ഓൺലെെൻ മാദ്ധ്യമത്തിൽ അവതാരകയായി ശ്രദ്ധനേടി വീണ ഇപ്പോൾ സ്വന്തം ചാനൽ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തിവരികയാണ്. അടുത്തിടെ 'ആപ്പ് കെെസേ ഹോ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. കുറച്ചുദിവസം മുൻപ് വീണ താൻ നേരിട്ട രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മൂന്നാഴ്ചയിലേറെ തന്നെ കഷ്ടപ്പെടുത്തിയ എഡിമയെന്ന അവസ്ഥയെ കുറിച്ച് തുറന്നുപറയുന്നത്. 'കണ്ണാടിയിൽ നോക്കാൻ പോലും പേടിച്ച ദിവസങ്ങൾ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
വീണയുടെ വാക്കുകൾ
'ഫെബ്രുവരി പത്തിന് ഒരു അഭിമുഖം കഴിഞ്ഞ് ഉച്ചയ്ക്ക് ഉറങ്ങിയേക്കാമെന്ന് കരുതി. വെെകിട്ട് എഴുന്നേറ്റപ്പോൾ കണ്ണിന് സെെഡിലൊരു തടിപ്പുണ്ടായിരുന്നു. രാവിലെ മുതലുള്ള അലച്ചിലും ഉച്ചയ്ക്കുള്ള ഉറക്കുമൊക്കെ കൊണ്ടായിരിക്കും ഇത് എന്നാണ് കരുതി മെെൻഡ് ചെയ്തില്ല. അടുത്ത ദിവസം രാവിലെ എണീറ്റപ്പോൾ കണ്ണീന് ചുറ്റും നല്ല വീക്കം ഉണ്ടായിരുന്നു. ആ സമയത്ത് എനിക്ക് നല്ല ടെൻഷൻ തോന്നി. അങ്ങനെ എറണാകുളത്തെ ഒരു ആശുപത്രിയിൽ പോയി. ഡോക്ടർ പറഞ്ഞത് ഇത് നാളെ രാവിലെ മാറുമെന്നാണ്. അടുത്തദിവസം ഒരു പരിപാടി ഉണ്ട് അതിന് പോകാൻ പറ്റുമോയെന്ന് ചോദിച്ചപ്പോൾ കൂളായിട്ട് പോവാം എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.
അങ്ങനെ തിരിച്ച് വീട്ടിൽ എത്തി. ഡോക്ടർ തന്ന മരുന്ന് കഴിച്ചു. പക്ഷേ രാത്രി ആയിട്ടും കുറവ് ഉണ്ടായിരുന്നില്ല. പിറ്റേദിവസമായപ്പോൾ കണ്ണ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. ഐ സ്‌പെഷലിസ്റ്റിനെ കണ്ടപ്പോഴാണ് കാര്യം മനസിലായത്. ഇത് എഡിമയാണ്. കണ്ണീർ ഗ്രസ്ഥി വീർത്ത് വരുന്ന് അവസ്ഥ. ഉടനെയൊന്നും മാറുന്ന അവസ്ഥയല്ല. രണ്ടുമൂന്ന് ആഴ്ചയൊക്കെ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴാണ് ശരിക്കും എനിക്ക് സങ്കടം വന്നത്. നിരവധി പരിപാടികൾ ആ സമയത്ത് കമ്മിറ്റ് ചെയ്തിരുന്നു. കരയരുതെന്നും നീര് കൂടുമെന്നും ഡോക്ടർ പറഞ്ഞു. പക്ഷേ കരയാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല. കണ്ണാടിയിൽ നോക്കാനൊന്നും ധെെര്യമില്ലായിരുന്നു.
ആളുകളെ അഭിമുഖീകരിക്കാൻ തന്നെ മടിയായിരുന്നു. മറ്റേ കണ്ണിലും നീര് കണ്ടപ്പോൾ അതും അടഞ്ഞുപോവുമോ എന്ന് ഓർത്തായിരുന്നു പേടി. കരയേണ്ട എന്നുണ്ടെങ്കിലും കരഞ്ഞുപോയ അവസ്ഥയായിരുന്നു. ഭയങ്കര ടെൻഷനാണെങ്കിൽ അഡ്മിറ്റായിക്കോളൂവെന്ന് ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ആവാൻ വരെ ഞാൻ തീരുമാനിച്ചു. പക്ഷേ വീട്ടിൽ തന്നെ നിന്നാലും മതി ടെൻഷൻ വേണ്ടയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അഡ്മിറ്റ് ആയില്ല. പുറത്ത് പോവാനൊക്കെ എനിക്ക് മടിയായിരുന്നു. പിന്നെ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം ജോലി ചെയ്യുന്നവരുമാണ് ധെെര്യം തന്നത്. 'നിന്നെ എപ്പോഴും ആളുകൾ ശ്രദ്ധിക്കുന്നത് സംസാരത്തിലൂടെയാണ് അല്ലാതെ സൗന്ദര്യം നോക്കിയല്ലെന്നാണ്' അവർ പറഞ്ഞത്. ആ ധെെര്യത്തിലാണ് ഞാൻ 'ആപ്പ് കെെസേ ഹോ' എന്ന സിനിമയുടെ പ്രമോഷന് പോയത്. കൂളിംഗ് ഗ്ലാസ് വച്ചാണ് പോയത്. അതിന് ശേഷമാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'സിനിമയിലെ താരങ്ങളെ വച്ച് ഇന്റർവ്യൂ എടുത്തത്. ആ വീഡിയോയിൽ ഒരുപാട് കമന്റ് ഞാൻ കണ്ടു. വീണ മാത്രം എന്താണ് കൂളിംഗ് ഗ്ലാസ് വച്ചതെന്ന്. അവസ്ഥ ഇത് ആയതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |