ആലപ്പുഴ: ജനിച്ചുവീഴുന്ന ആയിരം കുട്ടികളിൽ ഒരാൾക്ക് ഡൗൺസിൻഡ്രോമിനുള്ള സാദ്ധ്യതയുണ്ടെന്നാണ് പഠനങ്ങൾ വൃക്തമാക്കുന്നത്. ഗർഭകാലത്ത് തന്നെ ഈ അവസ്ഥ കണ്ടെത്താനാകും. സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും മാർച്ച് 21 ഡൗൺസിൻഡ്രോം ദിനമായി ആചരിക്കുന്നത്. ഇത്തരക്കാർക്കുള്ള പിന്തുണ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസറും, റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്റർ നോഡൽ ഓഫീസറുമായ ഡോ.ലതിക നായർ പറയുന്നു.
കാരണങ്ങൾ
ഡൗൺസിൻഡ്രോം ഒരു ജനിതക വ്യതിയാനമാണ്. 21ാം ക്രോമസോമിന്റെ അധിക കോപ്പി കാരണമുണ്ടാകുന്നതാണ് അവസ്ഥ. 35 വയസിന് മുകളിലുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഡൗൺസിൻഡ്രോം വരാനുള്ള സാദ്ധ്യത കൂടുതലാണ്. മൂത്ത കുട്ടിക്കോ, മാതാപിതാക്കളിൽ ആർക്കെങ്കിലുമോ അവസ്ഥയുണ്ടെങ്കിൽ, പിന്നീടുണ്ടാകുന്ന കുഞ്ഞിനും ഡൗൺസിൻഡ്രോം സാദ്ധ്യത കൂടുതലാണ്. ചെറിയ കണ്ണുകൾ, താഴ്ന്ന മൂക്ക് പാലം, ചെറിയ വിരലുകൾ, ബലക്കുറവ്, ബൗദ്ധിക വളർച്ചാവൈകല്യം എന്നിവ കുട്ടികളിൽ പ്രകടമാകും.
ചികിത്സ
ഇത് ചികിത്സയിലൂടെ മാറ്റാനാകുന്ന അവസ്ഥയല്ല. പക്ഷേ നേരത്തെ ചികിത്സയും പിന്തുണയും ലഭിച്ചാൽ മികച്ച ജീവിത നിലവാരം ഉറപ്പാക്കാനാകും.
എങ്ങനെ നേരിടാം
ഇത്തരം കുട്ടികൾക്ക് തൈറോയ്ഡ് ഹോർമോൺ കുറവ്, ജന്മനാ ഹൃദയ വൈകല്യങ്ങൾ, കാഴ്ച, കേൾവി പ്രശ്നങ്ങൾ ശാരീരിക - ബൗദ്ധിക വളർച്ചയിലെ വ്യത്യാസം എന്നിവയുണ്ടാകാം. കുട്ടികളെ കൃത്യമായി ഡോക്ടറെ കാണിക്കാനും, പ്രശ്നങ്ങൾ കണ്ടുപിടിച്ച് ചികിത്സിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇവരുടെ മാനസിക ബൗദ്ധിക വളർച്ചയ്ക്കായി പല തെറാപ്പികളും ചെറുപ്പത്തിൽ തന്നെ തുടർച്ചയായി ചെയ്യണം. വ്യക്തിഗതശ്രദ്ധയും, പ്രത്യേക പഠനക്രമങ്ങളും വേണം. കഴിവുകൾ മനസിലാക്കി പ്രോത്സാഹനവും നൽകണം.
സെന്ററുകളുടെ പങ്ക്
ഏർളി ഇന്റർവെൻഷൻസെന്ററുകൾ ശാരീരിക, സാമൂഹിക, ബൗദ്ധിക വളർച്ച മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ പരിശീലനങ്ങളും തെറാപ്പികളും നൽകുന്നു. പ്രത്യേകിച്ച് സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ. ആലപ്പുഴ മെഡിക്കൽ കോളേജിലെ സെന്ററിൽ മികച്ച ടീമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |