കണ്ണൂർ:പ്രഭാഷണമായിരുന്നു അപ്പുക്കുട്ടൻമാസ്റ്റരുടെ ആയുധം. ജാഗ്രതയും അവധാനതയും ഔചിത്യവും കലർന്ന അദ്ദേഹത്തിന്റെ വാക്കുകൾ സാംസ്‌കാരികാന്തരീക്ഷത്തെ സജീവമാക്കി നിലനിർത്തുകയായിരുന്നു. ഉത്തരമലബാറിന്റെ സാംസ്കാരിക മണ്ഡലത്തെ ചൈതന്യവത്താക്കി നിലനിർത്തുന്ന ദൗത്യത്തിലായിരുന്നു കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അദ്ദേഹം.
വിദ്വാൻ പി.അപ്പുക്കുട്ടൻ മാസ്റ്റർ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.എന്നാൽ വിദ്വാൻ ബഹുമതിവചനം പേരിനൊപ്പം ചേർക്കുന്നത് ഇഷ്ടമല്ലാതെ വന്നതിന്റെ തുടർന്ന് ആളുകൾ ഒഴിവാക്കി. രണ്ടും മൂന്നും പ്രഭാഷണങ്ങൾ മിക്ക ദിവസവും ഉണ്ടാകുമായിരുന്നു. പയ്യന്നൂർ ബോയ്സ് ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപകനായിരുന്ന കാലത്ത് പ്രഭാഷണത്തിനായി കൊണ്ടുപോകാൻ സ്‌കൂൾ കവാടത്തിൽ വണ്ടിയുമായി സംഘാടകർ കാത്തുനിൽക്കുന്നത് അന്നത്തെ പതിവ് കാഴ്ചയായിരുന്നു.
അദ്ധ്യാപകൻ, സാംസ്‌കാരിക പ്രഭാഷകൻ, സാഹിത്യനിരൂപകൻ, നാടകപ്രവർത്തകൻ, കലാസ്വാദകൻ സംഘാടകൻ എന്നിങ്ങനെ പല വിലാസങ്ങളായിരുന്നു ഇദ്ദേഹത്തിന്. സംഗീതനാടക അക്കാഡമി സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ദേശീയപ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനങ്ങളും ആഴത്തിൽ വേരൂന്നിയ കാലത്താണ് അന്നൂർ യു.പി.സ്‌കൂളിലും ഗവ: ഹൈസ്‌കൂളിലുമായി ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അക്കാലത്ത് കൂടുതൽ സമയവും സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിലായിരുന്നു. വായനയിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമാക്കിയ ഈ കാലം തന്നെയാണ് . അപ്പുക്കുട്ടൻ മാഷിനെ മികച്ച നല്ല പ്രഭാഷകനാക്കിയതും.
അരങ്ങിലുണ്ട് ഒളിമങ്ങാത്ത ഓർമ്മകൾ
ഗാന്ധിജിയുടെയും കെ.കേളപ്പന്റെയും ശിഷ്യനും പ്രഭാഷകനും നാടകകൃത്തുമായ കെ.പി.കുഞ്ഞിരാമ പൊതുവാളുടെ നാടകമായ ഭാരതരഥത്തിൽ ചെറുപ്രായത്തിൽ അഭിനയിച്ചിട്ടുണ്ട് പി.അപ്പുക്കുട്ടൻ. അന്നൂർ രവിവർമ്മ കലാനിലയത്തിൽനിന്ന് ലഭിച്ച നാടക അനുഭവങ്ങളാണ് തന്റെ കലാ സാംസ്‌കാരിക വളർച്ചയുടെ ഊർജ്ജമെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
രവിവർമ്മ കലാനിലയം അവതരിപ്പിച്ച കാഞ്ചനസീത, സാകേതം, നക്ഷത്ര വിളക്ക് എന്നീ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. രവിവർമ്മ കലാനിലയത്തിന്റെ മുഖ്യസംഘാടകനായി പകൽ മുഴുവൻ ടിക്കറ്റ് വിൽപനയും പ്രചാരണവുമായി നടന്ന് തളർന്ന് വേഷമിട്ട് വേദിയിലെത്തി കുഴഞ്ഞു വീണ അനുഭവവും അപ്പുക്കുട്ടൻ മാസ്റ്റർക്കുണ്ട്.അന്ന് നാടകം കാണാനെത്തിയ ഡോ.എ.വി.കരുണാകരൻ അണിയറയിൽ തന്നെ പരിശോധിച്ച് മരുന്നു നൽകിയ ശേഷം വീണ്ടും വേദിയിലെത്തി നാടകം തുടർന്ന അനുഭവവും അപ്പുക്കുട്ടൻ മാസ്റ്റർ വിവരിച്ചിട്ടുണ്ട്. നവോത്ഥാന സാഹിത്യകൃതികളിലൂടെ നേടിയെടുത്ത വായനാപാരമ്പര്യത്തിലൂടെയാണ് പുരോഗമന സാഹിത്യവുമായി അടുത്തത്.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അഞ്ചു കൊല്ലം പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി എന്നിവയിലും അംഗമായിരുന്നു.2018ൽ കേരള സാഹിത്യ അക്കാഡമി അപ്പുക്കുട്ടൻ മാസ്റ്റർക്ക് സമഗ്ര സംഭാവനക്കുള്ള അവാർഡ് നൽകി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |