കണ്ണൂര്‍: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയത് സുഹൃത്ത്. മാതമംഗലത്തെ ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ കൈതപ്രം സ്വദേശി കെ.കെ രാധാകൃഷ്ണനാണ് (51) മരിച്ചത്. സംഭവത്തില്‍ പെരുമ്പടവ് സ്വദേശിയായ സന്തോഷിനെ പരിയാരം പൊലീസ് പിടികൂടി. ഇയാള്‍ മദ്യലഹരിയിലായിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. നിര്‍മ്മാണത്തൊഴിലാളിയായ സന്തോഷ് കൈതപ്രം വായനശാലയ്ക്ക് സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് രാധാകൃഷ്ണനെ വിളിച്ചുവരുത്തി നെഞ്ചില്‍ വെടിവയ്ക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ നാട്ടുകാര്‍ രാധാകൃഷ്ണനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷിന്റെ തോക്കിന് ലൈസന്‍സ് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പന്നിയെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന തോക്കാണിത്.
കസ്റ്റഡിയിലുള്ള സന്തോഷ് സമൂഹമാദ്ധ്യമങ്ങളില്‍ ചില മുന്നറിയിപ്പ് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് സന്തോഷ് സമൂഹ മാദ്ധ്യമത്തില്‍ ഇട്ട കുറിപ്പില്‍ കൊലപാതകം സംബന്ധിച്ച സൂചനയുണ്ടായിരുന്നു. നിന്നോട് ഞാന്‍ പറഞ്ഞത് അല്ലേടാ എന്ന തുടങ്ങുന്ന കുറിപ്പ് നിനക്ക് മാപ്പില്ല എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ കെട്ടിടത്തിന് പുറത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു.
തൊട്ടടുത്ത പെരുമ്പടവ് പഞ്ചായത്ത് സ്വദേശിയാണ് കസ്റ്റഡിയിലുള്ള ആളാണെന്ന് പാണാപ്പുഴ പഞ്ചായത്ത് അംഗം സുജിത് പറഞ്ഞത്. കാട്ടുപന്നികളെ വെടിവയ്ക്കുന്ന റസ്‌ക്യൂ സംഘത്തിലെ അംഗമാണ് കസ്റ്റഡിയിലുള്ള ആളെന്നും സുജിത് പറഞ്ഞു. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍, പരിയാരം ഇന്‍സ്പെക്ടര്‍ എം.പി.വിനീഷ്‌കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |