കോഴിക്കോട്: ഞെളിയൻ പറമ്പിൽ പോകുന്നവർക്ക് ഇനി മൂക്കുപൊത്തേണ്ടി വരില്ല. കരിമ്പിൻചണ്ടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബാക്ടീരിയ ഉപയോഗിച്ച് മാലിന്യം ജെെവ വളമാക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. പ്ലാന്റിലെത്തുന്ന ജൈവമാലിന്യം വളവും വാതകവുമാക്കി മാറ്റും. ചാത്തമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന 'ബ്ലാക്ക് ഫ്ലൈ ടെക്നോളജി' എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ശുദ്ധമായ കരിമ്പിൽചണ്ടിയിൽ നിന്നാണ് കമ്പോസ്റ്റിംഗ് ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നത്. ഞെളിയൻപറമ്പിൽ കമ്പനി നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. തുടർന്നാണ് കോർപ്പറേഷന്റെ അനുമതി തേടിയത്. കഴിഞ്ഞ ദിവസം കൗൺസിലിന്റെ അംഗീകാരം കിട്ടിയതോടെയാണ് 'കമ്പോസ്റ്റിംഗ് ബാക്ടീരിയൽ സൊല്യൂഷൻ' ഉത്പാദനം തുടങ്ങിയത്. പ്രവൃത്തിയുടെ ചെലവ് പൂർണമായും കമ്പനി വഹിക്കും. വളമായും ഇന്ധനമായും ലഭിക്കുന്ന ലാഭവും കമ്പനിയ്ക്കാണ്.
ചെലവു ചുരുക്കും
കരിമ്പിൻചണ്ടി
കോർപ്പറേഷനിൽ ദിനംപ്രതിയുണ്ടാവുന്ന ജൈവമാലിന്യം സംസ്കരിച്ചെടുക്കാൻ കിലോയ്ക്ക് 4.5 പൈസയാണ് ചെലവാകുന്നത്. ദിവസം 80 ടൺ മാലിന്യം സംസ്കരിക്കാൻ 3.6 ലക്ഷം രൂപയാകും. 80 ടൺ ജൈവമാലിന്യത്തിന് 2000 ലിറ്റർ കമ്പോസ്റ്റിംഗ് ബാക്ടീരിയൽ സൊല്യൂഷൻ വേണം. പക്ഷേ, സൊല്യൂഷൻ നിർമ്മിക്കുന്നതിനാവശ്യമായ ശർക്കര വാങ്ങുന്നതിന് ഭീമമായ തുക ചെലവാകുന്നുണ്ട്. ഇതിനു പകരം പുതിയ കരിമ്പിൻ ചണ്ടി ഉപയോഗിച്ചാൽ കൂടുതൽ ഗുണമെയുള്ളതും ഫലപ്രദമായതുമായ കമ്പോസ്റ്റിംഗ് ബാക്ടീരിയൽ സൊല്യൂഷൻ നിർമ്മിക്കിച്ചെടുക്കാം. ഇതോടെയാണ് ശർക്കരയ്ക്ക് പകരം കരിമ്പിൻ ചണ്ടി ഉപയോഗിച്ചുള്ള പ്രവൃത്തി ആരംഭിച്ചത്.
തീറ്റപ്പുൽ കൃഷിയ്ക്ക്
അനുമതി
ഞെളിയൻപറമ്പിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്നതിനും അനുമതിയായി. ഞെളിയൻപറമ്പിലെ മലിനജലം മികച്ച രീതിയിൽ പുനരുപയോഗിക്കുന്നതിന് കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമായാണ് തീറ്റപ്പുൽ കൃഷി നടത്തുന്നത്. ആദ്യം പഴം പച്ചക്കറി കൃഷിയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഞെളിയൻ പറമ്പിൽ അനുയോജ്യം തീറ്റപ്പുൽ കൃഷിയാണെന്ന് ബ്ലാക്ക് ഫ്ലൈ ടെക്നോളജി സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് ആരോഗ്യ സ്ഥിരംസമിതി പദ്ധതി പരിശോധിച്ചശേഷം കൗൺസിൽ യോഗത്തിൽ അനുമതി നൽകിയത്. ഇതോടെ ഒരു പരിധിവരെ ഞെളിയൻ പറമ്പിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകും.
' മാലിന്യം ജെെവ വളമാക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വലിയതോതിൽ ഉത്പാദനം നടത്താൻ സാധിക്കും.
ഡോ. ജയശ്രീ, ചെയർപേഴ്സൺ,
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |