മലപ്പുറം: മൃതദേഹം ലഭിക്കാത്ത കേസിൽ കൊലപാതകക്കുറ്റം തെളിയിക്കപ്പെട്ടെന്ന അപൂർവ്വതയാണ് മൈസൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെരീഫ് കൊലക്കേസിന്. ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിച്ചുള്ള പൊലീസിന്റെ പഴുതടച്ച അന്വേഷണം സാമ്പത്തിക ശേഷിയുള്ള മുഖ്യപ്രതി ഷൈബിൻ അഷ‌്‌റഫ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻ കോടതിയിൽ കുറ്റം തെളിയിക്കാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് വഴിയൊരുക്കി. കൊലപാതകം നടന്ന് രണ്ടുവർഷത്തിന് ശേഷമാണ് ഇക്കാര്യം പുറത്തറിയുന്നത്.
2019 ആഗസ്റ്റ് ഒന്നിനാണ് ഷാബ ഷെരീഫിനെ മൈസൂരുവിലെ വീട്ടിൽ നിന്ന് ചികിത്സയ്‌ക്കെന്ന വ്യാജേന കൊണ്ടുവന്ന് നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ തടവിലാക്കിയത്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം കൈമാറാൻ തയ്യാറാവാത്തതിനെ തുടർന്ന് 2020 ഒക്ടോബർ എട്ടിന് ഷാബാഷെരീഫിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മൃതദേഹം ബാത്ത് റൂമിൽ വച്ച് ചെറുകഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിന് മുകളിൽവച്ച് ചാലിയാർ പുഴയിലേക്ക് തള്ളി. 2022 ഏപ്രിലിൽ കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴേക്കും രണ്ട് പ്രളയങ്ങളെ ചാലിയാർ നേരിട്ടിരുന്നു. മൃതദേഹം കൊണ്ടിട്ടയിടത്ത് നേവിയുടെ മുങ്ങൽ വിദഗ്ദ്ധരടക്കം അരിച്ചുപെറുക്കിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. ഇതോടെ കൊലപാതകം തെളിയിക്കാനുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ സാദ്ധ്യതയടഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകൾ ഷൈബിന്റെ വീട്ടിൽ നിന്ന് ലഭിച്ചിരുന്നു. പിന്നാലെ മൃതദേഹം കൊണ്ടുപോയ ഷൈബിന്റെ കാറിൽ നിന്ന് 30 മുടി കഷ്ണങ്ങളും ബാത്ത് റൂമിൽ നിന്ന് പുറത്തേക്കുള്ള പൈപ്പിൽ നിന്ന് 12 മുടി കഷ്ണങ്ങളും ലഭിച്ചത് കേസിൽ നിർണ്ണായകമായി. പ്രതികൾ ബാത്ത് റൂം പലതവണ കഴുകിയെങ്കിലും തെളിവുകൾ പൈപ്പിനകത്ത് അടിഞ്ഞുകിടന്നു.
മൈറ്റോ കോൺട്രിയൽ ഡി.എൻ.എ ടെസ്റ്റിലൂടെ കൊല്ലപ്പെട്ടത് ഷാബാ ഷെരീഫ് തന്നെയെന്ന് ഉറപ്പിച്ചു. ഈ ടെസ്റ്റിന് അഞ്ചര ലക്ഷം രൂപ ചെലവ് വരുന്നതിനാൽ അന്നത്തെ എസ്.പിയായിരുന്ന സുജിത് ദാസ് സർക്കാരിന്റെ പ്രത്യേകാനുമതി തേടിയിരുന്നു. മൈസൂരിൽ നിന്ന് ഷാബാ ഷെരീഫിനെ കടത്തിക്കൊണ്ടുവന്ന പ്രതികളേയും കുടുംബം തിരിച്ചറിഞ്ഞു. മാപ്പ് സാക്ഷിയാക്കപ്പെട്ട ഏഴാം പ്രതി സുൽത്താൻബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദിന്റെ സാക്ഷി മൊഴികളും പ്രോസിക്യൂഷന് ബലമേകിയെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം. കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |