ബ്രസൽസ്: യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് റഷ്യ അനാവശ്യ ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അത് ഉടൻ അവസാനിപ്പിക്കണമെന്ന് സെലെൻസ്‌കി ഇന്നലെ യൂറോപ്യൻ യൂണിയന്റെ ഉച്ചകോടിയിൽ പറഞ്ഞു.
ഒരു നിമിഷം അവർ വാക്ക് നൽകും, കുറച്ച് മണിക്കൂറുകൾക്ക് ശേഷം അത് ഒന്നും അർത്ഥമാക്കുന്നില്ല. യുദ്ധം അവസാനിപ്പിക്കാൻ പുട്ടിനുമേൽ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ പിന്മാറാതെ യുദ്ധത്തിൽ നിന്ന് തങ്ങളും പിൻതിരിയില്ലെന്നും സെലെൻസ്കി പറഞ്ഞു.
റഷ്യയുമായുളള യുദ്ധം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ടെലിഫോണിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സെലെൻസ്കിയുടെ നിർണായക നീക്കം. ബ്രസൽസിലാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ യോഗം ചേരുന്നത്. യുദ്ധം അവസാനിപ്പിക്കാനും ഊർജ്ജ നിലയങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും ടെലിഫോൺ ചർച്ചയില്‍ ട്രംപ്, സെലൻസ്കിയെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെയുളള വെടിനിറുത്തൽ നിർദ്ദേശം റഷ്യയും തള്ളിയിരുന്നു. അതേസമയം,വിഷയം ചർച്ച ചെയ്യാൻ ഫ്രാൻസും യു.കെയും അടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുളള ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ലണ്ടനിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ,സപോരിജിയ ആണവ നിലയത്തിന്റെ യു.എസ് ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സെലെൻസ്‌കി പറഞ്ഞു. റഷ്യയുടെ ഏംഗൽസ് സ്ട്രാറ്റജിക് ബോംബർ ബേസിൽ യുക്രെയിൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. റഷ്യൻ സേനയും ഇത് സ്ഥിരീകരിച്ചു.
നോർവേയുടെ സഹായം തേടി
ഇന്നലെ നോർവീജിയൻ തലസ്ഥാനമായ ഒസ്ലോയിലെത്തിയ സെലെൻസ്കി നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി ചർച്ച നടത്തി. യുക്രെയ്നിന് ഹ്രസ്വകാലത്തും ദീർഘകാലാടിസ്ഥാനത്തിലും ആവശ്യമായ പിന്തുണ ലഭ്യമാകുന്നതിനാണ് ചർച്ച നടത്തിയത്. യുക്രെയ്നിനെ ശക്തമായി പിന്തുണയ്ക്കുന്ന നോർവേ കീവിനുള്ള സാമ്പത്തിക സഹായം ഇരട്ടിയിലേറെയായി വർദ്ധിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |