കിർസ്റ്റി കോവൻട്രി ഐ.ഒ.സി പ്രസിഡന്റ്
ഒളിമ്പിയ: ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി)
ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്ര നേട്ടം കുറിച്ച് സിംബാബ്വെക്കാരി കിർസ്റ്റി കോവൻട്രി. ഗ്രീസിൽ ആരംഭിച്ച ഐ.ഒ.സി സെക്ഷനിൽ നടന്ന വോട്ടെടുപ്പിലാണ് തോമസ് ബക്കിന്റെ പിൻഗാമിയായി ഐ.ഒ.സിയുടെ പത്താം പ്രസിഡന്റായി നീന്തലിൽ രണ്ട് ഒളിമ്പിക്സ് സ്വർണം നേടിയിട്ടുള്ള കിർസ്റ്റി തിരഞ്ഞെടുക്കപ്പെട്ടത്. 12 വർഷം തോമസ് ബക്ക് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ഐ.ഒ.സി പ്രസിഡന്റാകുന്ന ആദ്യ ആഫ്രിക്കക്കാരിയും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് 41കാരിയായ കിർസ്റ്റി. ഇത് അസാധാരണമായ നിമിഷമാണെന്നും ഇത്രയും വലിയൊരു പദവിയിൽ എത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും എല്ലാവർക്കും ഹൃദയപൂർവം നന്ദി പറയുന്നുവെന്നും കിർസ്റ്റി പറഞ്ഞു.
വോട്ടിംഗിൽ പ്രമുഖരായ ആറ് പേരെ പിന്തള്ളിയാണ് കിർസ്റ്റി ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയുടെ അദ്ധ്യക്ഷയായത്. ഇത്തവണ മത്സരരംഗത്തുണ്ടായിരുന്ന ഏകവനിതയും കിർസ്റ്റിയായിരുന്നു.
ലോക അത്ലറ്റിക്സ് സംഘടനയുടെ പ്രസിഡന്റ് സെബാസ്റ്റ്യൻ കോ (ബ്രിട്ടൺ), ഐ.ഒ.സി എക്സ്ക്യുട്ടീവ് ബോർഡ് അംഗം പ്രിൻസ് ഫൈസൽ അൽ ഹുസൈൻ (ജോർദാൻ), ഐ.ഒ.സി വൈസ് പ്രസിഡന്റ് യുവാൻ അന്റോണിയോ സമരാഞ്ച് ജൂനിയർ (സ്പെയിൻ), രാജ്യാന്തര സ്കീ സ്നോബോർഡ് ഫെഡറേഷൻ പ്രസിഡന്റ് യാഹോൻ എലായഷ് (സ്വീഡൻ), ജിംനാസ്റ്റിക്സ് ഫെഡറേഷൻ പ്രിസിഡന്റ് മൊറിനാരി വാത്തനേബ (ജപ്പാൻ), രാജ്യാന്തര സൈക്ലിംഗ് യൂണിയൻ പ്രസിഡന്റ് ഡേവിഡ് ലബാട്ടിയ (ഫ്രാൻസ്) എന്നിവരെ തോൽപ്പിച്ചാണ് കിർസ്റ്റിയുടെ ജയം. ആകെ സാധുവായ 97 വോട്ടിൽ 49 വോട്ടാണ് കിർസ്റ്റി നേടിയത്. ആദ്യ റൗണ്ട് വോട്ടടുപ്പിൽ തന്നെ ജയിക്കാനാവശ്യമായ ഭൂരിപക്ഷം കിർസ്റ്റിക്ക് ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ സമാരാഞ്ചിന് 28 വോട്ട് ലഭിച്ചു.സെബാസ്റ്റ്യൻ കോ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് രണ്ടക്കം കാണാനായില്ല. 2036ലെ ഒളിമ്പിക്സ് വേദിക്ക് ശ്രമക്കുന്ന ഇന്ത്യയ്ക്കും നിർണായകമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ട്രാൻസ് ജെൻഡർ അത്ലറ്റുകളെ വനിതാ വിഭാഗത്തിൽ മത്സരിപ്പിക്കരുത് എന്നതുൾപ്പെടെ വിവാദപരമായ നിലപാട് സ്വീകരിച്ചിട്ടുള്ലയാളാണ് കിർസ്റ്റി. 8 വർഷമാണ് ഐ.ഒ.സി പ്രസിഡന്റിന്റെ കാലാവധി. ഇതുകൂടാതെ 4 വർഷം കൂടി കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്.
നിലവിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായ കിർസ്റ്റ സിംബാബ്വെയിലെ യൂത്ത്, സ്പോർട്സ്, ആർ്ട്സ് മന്ത്രിയുമാണ്. രണ്ട് സ്വർണം ഉൾപ്പെടെ 2004,2008 ഒളിമ്പിക്സുകളിൽ നിന്നായി 7 മെഡലുകൾ നേടിയിട്ടുണ്ട് കിർസ്റ്റി.
ആതിഥേയരെന്ന നിലയിൽ മൂന്ന് രാജ്യങ്ങളും യോഗ്യതാ റൗണ്ടിൽ കളിക്കാതെ തന്നെ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |