തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ സ്‌കൂളിൽ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യൽക്കാരനെ അറസ്റ്റ് ചെയ്തു. ശംഖുംമുഖം സ്വദേശി അജീമിനെ(49) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് സ്‌കൂളിൽ വച്ച് അജീം പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവം കുട്ടി പിതാവിനോട് പറഞ്ഞതോടെ സ്കൂളിൽ പരാതി നൽകുകയായിരുന്നു. എന്നാൽ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കാതെ വന്നതോടെ കുടുംബം സി.ഡബ്ല്യു.സിയെ സമീപിക്കുകയായിരുന്നു. സി.ഡബ്ല്യു.സി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഡി.സി.പി ബി.വി.വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവെർട്ട് കീലർ,സി.ഐ.വിമൽ,എസ്.ഐ മാരായ വിപിൻ,ഷിജു,ആശ ചന്ദ്രൻ,സി.പി.ഒ മാരായ അസീന,ബിജു,ശരത്,സന്തോഷ് രഞ്ജിത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |