തിരുവനന്തപുരം: ആശാ,അങ്കണവാടി വർക്കർമാരുടെ സമരത്തിന് പിന്നാലെ വനിതാ പൊലീസ് റാങ്കുകാരും സമരത്തിനൊരുങ്ങുന്നു. കാലാവധി അവസാനിക്കാൻ ഒരുമാസം മാത്രം ശേഷിക്കുമ്പോഴും നിയമനം 30 ശതമാനം പോലുമാകാത്ത വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളാണ് സെക്രട്ടേറിയയേറ്റ് മുന്നിൽ സമരത്തിന് തയ്യാറെടുക്കുന്നത്. ഏപ്രിൽ 19നാണ് കാലാവധി അവസാനിക്കുന്നത്.
967 പേർ ഉൾപ്പെടുന്ന വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ 259 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് 815 പേർക്ക് നിയമനം ലഭിച്ചിരുന്ന സ്ഥാനത്താണിത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. മുൻവർഷങ്ങളിൽ പുരുഷ പൊലീസ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളാണ് സമരം ചെയ്തിരുന്നതെങ്കിൽ വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളാണ് ഇക്കുറി സമരത്തിനൊരുങ്ങുന്നത്. മാർച്ച് മാസത്തിനകം ഇതിന് നടപടി ഉണ്ടാകാതെ വന്നാൽ ഏപ്രിൽ മുതൽ സമരം തുടങ്ങുമെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.
സംസ്ഥാന പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിദ്ധ്യം 15 ശതമാനമാക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ ഭാഗമായി 9:1 അനുപാതം ഇക്കുറി നടപ്പാക്കിയെങ്കിലും നിയമനം കുത്തനെ കുറയുകയാണുണ്ടായത്. പുരുഷ പൊലീസ് നിയമനം നടന്നാലേ വനിതാ നിയമനം നടക്കൂ എന്ന രീതി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് വിനയായി. സംസ്ഥാനത്ത് 56,000പേരുള്ള പൊലീസ് സേനയിൽ അയ്യായിരത്തോളം വനിതകളാണുള്ളത്. ഒരു സ്റ്റേഷനിൽ കുറഞ്ഞത് 6 വനിതാ സി.പി.ഒമാർ വേണമെന്നുണ്ട്. എന്നാൽ,സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും പകുതിപോലുമില്ല.
യഥാർത്ഥ നിയമനം 213
മെയിൻ ലിസ്റ്റിൽ 674,സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെയാണ് റാങ്ക് ലിസ്‌റ്റിൽ പി.എസ്.സി ഉൾപ്പെടുത്തിയത്. ഇതിൽ നിയമന ശുപാർശ ലഭിച്ച 259 പേരിൽ 46 എണ്ണം എൻ.ജെ.ഡി ഒഴിവിലാണ്. യഥാർത്ഥ നിയമനം 213 മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |