മോസ്‌കോ: റഷ്യയിൽ യുക്രെയിൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാസ് പമ്പിംഗ് സ്‌റ്റേഷനിൽ ശക്തമായ സ്‌ഫോടനം. ആളപായമില്ല. ഇന്നലെ കുർസ്‌ക് മേഖലയിലെ സുഡ്ഷ പട്ടണത്തിലായിരുന്നു സംഭവം. കഴിഞ്ഞ വർഷം യുക്രെയിൻ സൈന്യം പിടിച്ചെടുത്ത പ്രദേശമാണിവിടം.
എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണം റഷ്യ തിരിച്ചുപിടിച്ചിരുന്നു. മേഖലയിൽ നിന്ന് പിൻവാങ്ങുന്നതിനിടെ യുക്രെയിൻ സൈന്യമാണ് ഗ്യാസ് സ്റ്റേഷനിൽ സ്ഫോടനം നടത്തിയതെന്ന് റഷ്യ പറയുന്നു.
യുക്രെയിനിലെ ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് 30 ദിവസത്തേക്ക് നിറുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചിരുന്നു.
തങ്ങൾ ഇത് പാലിക്കുകയാണെന്നും യുക്രെയിൻ ഇത് ലംഘിച്ചെന്നും റഷ്യ ആരോപിച്ചു. അതേ സമയം, റഷ്യ കള്ളം പറയുകയാണെന്നും പ്രകോപനം സൃഷ്ടിക്കാൻ റഷ്യൻ സൈന്യം തന്നെയാണ് സ്ഫോടനമുണ്ടാക്കിയതെന്നും യുക്രെയിൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |