കുഞ്ചാക്കോ ബോബൻ നായകനായ 'ഓഫീസർ ഓൺ ഡ്യൂട്ടി"യിൽ നിറഞ്ഞ പ്രകടനം നടത്തി വൈശാഖ് ശങ്കർ. സിനിമ കണ്ടവർ വൈശാഖ് ആരെന്ന് അന്വേഷിച്ചു. 'വൈറസ് "സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ചാണ് വൈശാഖ് ശങ്കറുടെ ചലച്ചിത്ര അരങ്ങേറ്റം. പിന്നീട് ഏതാനും സിനിമയിൽ ചെറുവേഷങ്ങൾ. കുറെ വർഷമായി സിനിമയുടെയും നാടകത്തിന്റെയും ഓരത്ത് വൈശാഖ് ശങ്കർ യാത്ര നടത്തുന്നുണ്ട്. നാടകത്തിന്റെ അരങ്ങിൽ മാത്രമല്ല അണിയറയിലുമുണ്ട്. 'ഓഫീസർ ഓൺ ഡ്യൂട്ടി" പ്രേക്ഷകരുടെ സ്നേഹവും ഇഷ്ടവും നേടി തന്നതിന്റെ ആഹ്ളാദത്തിൽ വൈശാഖ് ശങ്കർ.
ഓഫീസർ ഓൺ ഡ്യൂട്ടിയിലെ പൊലീസ് വേഷത്തിന് മുന്നൊരുക്കം നടത്തിയോ ?
ഇതെന്റെ രണ്ടാമത്തെ പൊലീസ് വേഷമാണ്. ക്രിസ്റ്റഫറിൽ ഒരു ചെറിയ പൊലീസ് വേഷം ചെയ്തു. സിനിമയിലുടനീളം പൊലീസ് വേഷം ചെയ്യുന്നത് ആദ്യമാണ്. സത്യം പറഞ്ഞാൽ, അങ്ങനെ നീരീക്ഷണത്തോടെ ഈ കഥാപാത്രം ചെയ്തിട്ടില്ല. അതിന് രണ്ടു കാരണങ്ങളുണ്ട്. സ്ഥിരം കാണുന്ന പൊലീസ് വേഷത്തിൽ നിന്ന് വ്യത്യസ്തമായി ചെയ്യണമെന്ന് സംവിധായകൻ ജിത്തു അഷ്റഫ് പറഞ്ഞു. അയാൾക്ക് ഒരു വ്യക്തിത്വവും പശ്ചാത്തലവും ഉണ്ടാകും. അതെന്താണെന്ന് മനസിലാക്കി പെരുമാറി പോകാനാണ് പരമാവധി ശ്രമിച്ചത്. രണ്ടാമതായി, ഒരു പൊലീസ് വേഷം ചെയ്യുമ്പോൾ മനസിലാക്കി വയ്ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പ്രോട്ടോകോളുകൾ, സല്യൂട്ട് ചെയ്യേണ്ട രീതി, അതെല്ലാം പഠിപ്പിച്ചു തരാൻ ടീമിൽ തന്നെ ഒരുപാട് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. അവരോട് ഇടപഴകുമ്പോൾ തെറ്റുകൾ തിരുത്തി പറഞ്ഞുതരും. കഥാപാത്രത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് ഡിവൈ.എസ് .പി ഷാഹുൽ രാജ് എന്ന കഥാപാത്രമായി പെരുമാറാനാണ് ശ്രദ്ധിച്ചത്. അതിന് ജിത്തു ആദ്യം മുതൽക്കെ സഹകരിച്ചു.
അഭിനയം എങ്ങനെ വഴി തുറന്നു ?
പാലക്കാട് കോട്ടായി ആണ് നാട്. എൻജിനീറിംഗാണ് പഠിച്ചത്. അതിന് ശേഷം കുറേകാലം കോർപറേറ്റ് കമ്പനിയിൽ പ്രവർത്തിച്ചു. ആ സമയത്ത് തന്നെ നാടകങ്ങൾ ചെയ്യുമായിരുന്നു. ബംഗളൂരുവിലാണ് കൂടുതലും ചെയ്തിരുന്നത്. ജോലിയിൽ നിന്ന് റിസൈൻ ചെയ്ത് മുഴുവൻ സമയവും നാടകങ്ങളിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആത്മവിശ്വാസവും ധൈര്യവും അന്നുണ്ടായിരുന്നില്ല. പിന്നീട് എം.ബി.എ പഠിക്കാൻ യു.എസ്.എയിലെ യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിൽ പോയി. തുടർന്ന് രണ്ടുവർഷം സാൻഫ്രാൻസിസ്കോയിലും കാനഡയിലെ വാൻകൂവറിലും മാർക്കറ്റിംഗ് കൺസൾട്ടന്റായി പ്രവർത്തിച്ചു. ഒരു നടനാകണം എന്ന തീരുമാനത്തോടെയാണ് നാട്ടിൽ വന്നത്. ആസമയത്താണ് 'വൈറസ് "സിനിമയുടെ ഓഡിഷന് പങ്കെടുക്കുന്നത്. ഒന്നുരണ്ട് വെബ് സീരിസും ചെയ്തു. മുംബയ് പശ്ചാത്തലമായ 'സപ്നേ vs എവരിവൺ" എന്ന ഹിന്ദി വെബ് സീരിസിൽ മുഴുനീള വേഷം ചെയ്തു. കാൻ ഫിലിം ഫെസ്റ്റിവൽ, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'കെന്നഡി"സിനിമയിൽ അഭിനയിച്ചു. ഇതുവരെ അത് പുറത്തിറങ്ങിയില്ല. റിച്ചി മെഹ് ത സംവിധാനം ചെയ്ത 'പോച്ചർ" വെബ് സീരിസിൽ ഒരു വേഷം ചെയ്തു. തുറമുഖം, വൺ തുടങ്ങിയ സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തു.
നാടകമാണോ പ്രധാന മേഖല ?
നാടകം തന്നെയാണ് പശ്ചാത്തലം. നാടകം ചെയ്യണമെന്ന ആഗ്രഹം തന്നെയാണ് ആദ്യം അഭിനയരംഗത്ത് എത്തിയപ്പോൾ ഉണ്ടായിരുന്നത്. സിനിമയെപ്പറ്റി ഒരിക്കലും ചിന്തിച്ചില്ല. ജോലിക്ക് വേണ്ടി ബംഗളൂരുവിൽ വന്നു. പിന്നീട് നാടകം ചെയ്തു . അതുതന്നെ തുടർന്ന് കൊണ്ടുപോയി.മലയാളം സിനിമ കഴിഞ്ഞ പത്ത് വർഷത്തിൽ ഒരുപാട് മാറിയിട്ടുണ്ട്. എഴുത്തിന്റെ രീതിയിലെല്ലാം മാറ്റം കണ്ടുതുടങ്ങിയപ്പോഴാണ് ഇത്തരം തിരക്കഥകളുടെയെല്ലാം ഭാഗമായാൽ കൊള്ളാമെന്ന ചിന്ത വന്നത്. അപ്പോഴാണ് നാടകവും സിനിമയും ചെയ്യണമെന്ന ആഗ്രഹം വരുന്നത്. ഉള്ളിന്റെയുള്ളിൽ അത് അലട്ടുന്നുണ്ടായിരുന്നു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് തിരിച്ച് പോകുന്നില്ല എന്ന തീരുമാനമെടുത്തത്. ഭാര്യ രമ്യ ഈ തീരുമാനത്തോട് യോജിച്ചു. 2019 മുതൽ കൊച്ചിയിലുണ്ട്. പക്ഷേ വിചാരിച്ച അത്രയും നാടകങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. കൊവിഡ് കാരണം ഇടവേള വന്നു. വക്ലാവ് ഹവേൽ എന്ന ചെക് നാടകകൃത്തിന്റെ 'ഓടിയൻസ് " നാടകം മലയാളത്തിലേക്ക് അനുരൂപീകരണം ചെയ്ത്,'ആവിഷ്കാരം"എന്ന പേരിൽ അവതരിപ്പിച്ചു. ഞാൻ തന്നെയാണ് എഴുതി സംവിധാനം ചെയ്തത്. ബിനാലെയിലും തിരുവനന്തപുരത്തും പാലക്കാടും അവതരിപ്പിച്ചു. നടൻ റോഷൻ മാത്യു സംവിധാനം ചെയ്യുന്ന 'ബൈ ബൈ ബൈപാസ് "എന്ന നാടകത്തിൽ ഇപ്പോൾ അഭിനയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |