ന്യൂഡൽഹി: ബിരുദം ആവശ്യമായ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദമുള്ളവരെ അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഉയർന്ന യോഗ്യതയുടെ പേരിൽ ജാർഖണ്ഡിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർ തസ്തികയിലെ അപേക്ഷ നിരസിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ജാർഖണ്ഡ് ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് ഉദ്യോഗാർത്ഥി സുപ്രീംകോടതിയെ സമീപിച്ചത്.
തസ്‌തികയ്‌ക്ക് ബിരുദക്കാരെ മാത്രമേ പരിഗണിക്കൂവെന്നും മൈക്രോബയോളജിയിലോ ഫുഡ് സയൻസിലോ ബിരുദാനന്തര ബിരുദം യോഗ്യതയല്ലെന്നും റിക്രൂട്ട്‌മെന്റ് പരസ്യത്തിൽ പറഞ്ഞിരുന്നു. രസതന്ത്രം ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ഒഴിവാക്കുമെന്നും സൂചിപ്പിച്ചിരുന്നു.
1956ലെ യു.ജി.സി നിയമപ്രകാരം ബിരുദം എന്നാൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് ബിരുദങ്ങൾ ഉൾപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെ ബിരുദം എന്നത് മൂന്ന് ബിരുദ തലങ്ങളും ഉൾപ്പെടുത്തി വ്യാഖ്യാനിക്കണമെന്ന് കോടതി വിധിച്ചു. രസതന്ത്രം ഒഴികെയുള്ള വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണ്. എഫ്.എസ്.ഒ തസ്തികയിൽ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന യോഗ്യതകളിൽ വെള്ളം ചേർക്കാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |