ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശിയായ യുവതിക്കുനേരെ മുളക്പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച ഒരു സ്ത്രീ ഉൾപ്പടെ രണ്ടുപേർ പിടിയിൽ. വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി പോയിന്റ്മുക്ക് ജംഗ്ഷനിലായിരുന്നു സംഭവം. കൊല്ലം ഈസ്റ്റ് പുള്ളിക്കട വടക്കുംഭാഗം പുതുവൽപുരയിടത്തിൽ നിന്നും മയ്യനാട് വില്ലേജിൽ ധവളക്കുഴി സുനാമി ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷ്മി (26), കൊല്ലം മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റ് 11ൽ സാലു (26) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
19ന് രാവിലെ മാർക്കറ്റിൽ നിന്നും വരികയായിരുന്ന മോളിയുടെ (54) സമീപം ആഡംബര കാറിലെത്തിയ സംഘം വാഹനം നിറുത്തി ആറ്രിങ്ങലിലേക്കുള്ള വഴിചോദിച്ചു. തുടർന്ന് മോളിയുടെ കണ്ണിലേക്ക് ലക്ഷ്മി മുളക്പൊടി എറിയുകയായിരുന്നു. എന്നാൽ ലക്ഷ്മിയുടെ കണ്ണിലും മുളക്പൊടി വീണതോടെ മാലപൊട്ടിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ആറ്റിങ്ങൽ മൂന്നുമുക്കിലൂടെ ചിറയിൻകീഴ് വഴി കൊല്ലത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറുകളുടെ ചിത്രങ്ങൾ മോളിയെ കാണിച്ചു. സുസുക്കിയുടെ വാഹനമാണെന്ന് മനസിലാക്കിയ പൊലീസ് ഇരുന്നൂറോളം വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും കൊല്ലം ഇരവിപുരം പള്ളിമുക്ക് സ്വദേശിയിയുടെ വാഹനമാണ് മോഷണത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. സുഹൃത്തിന് വേളാങ്കണ്ണിക്ക് പോകാനായി കാർ കൊണ്ടുപോയതാണെന്ന് ഉടമ പൊലീസിനെ അറിയിച്ചു. ഇതോടെ രണ്ടുപേരെയും പിടികൂടുകയായിരുന്നു. ലക്ഷ്മിയുടെ അമ്മയ്ക്ക് ഒമാനിലുണ്ടായ സാമ്പത്തിക ബാദ്ധ്യത തീർക്കാനാണ് സുഹൃത്ത് സാലുവുമായി മോഷണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. സാലുവിന്റെ പേരിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ.ജി, എസ്.ഐമാരായ ജിഷ്ണു എം.എസ്,ഉത്തരേന്ദ്രനാഥ്, എ.എസ്.ഐമാരായ ജിഹാനിൽ ഹക്കിം,രേഖ.എം.എസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |