കോട്ടയം: സംസ്ഥാനത്താദ്യമായി യു.ജി.സിയുടെ കാറ്റഗറി 1 ഗ്രേഡ് അംഗീകാരം എം.ജി.സർവകലാശാലയ്ക്ക്. ഇനി യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെ വിവിധ പദ്ധതികൾ നടപ്പാക്കാനും സ്ഥാപനങ്ങൾ ആരംഭിക്കാനും ഉൾപ്പെടെ സ്വയംഭരണാവകാശം ഉറപ്പാക്കാൻ കഴിയും. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ നേടിയ എ ഡബിൾ പ്ലസ് ഗ്രേഡും 3.61 ഗ്രേഡ് പോയിന്റ് ശരാശരിയും ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ആഗോള റാങ്കിൽ തുടർച്ചയായി നിലനിറുത്തുന്ന മികവും കണക്കിലെടുത്താണ് കാറ്റഗറി 1 ഗ്രേഡിൽ എം.ജി ഉൾപ്പെട്ടത്. സർവകലാശാലയുടെ അപേക്ഷ പരിഗണിച്ച് ഈ മാസം 13ന് ചേർന്ന യു.ജി.സി യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. രാജ്യത്ത് 21 സ്റ്റേറ്റ് സർവകലാശാലകൾ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. സ്വന്തമായി നൂതന പാഠ്യപദ്ധതികളും പ്രോഗ്രാമുകളും വിഭാവനം ചെയ്ത് നടപ്പാക്കാനും ഓഫ് കാമ്പസുകൾ,പഠന കേന്ദ്രങ്ങൾ വകുപ്പുകൾ,കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ,സയൻസ് പാർക്കുകൾ തുടങ്ങിയവ ആരംഭിക്കാനും കഴിയും. യു.ജി.സിയുടെ അനുമതിയില്ലാതെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താനാവുമെന്നതും പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |