
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനേയും ദേവസ്വം മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനേയും ചോദ്യം ചെയ്യാതിരിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ അന്വേഷണം ഇത്രപോലും മുന്നോട്ട് പോകില്ലായിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നേതാക്കളായ പ്രതികളെ സിപിഎമ്മും സര്‍ക്കാരും തുടര്‍ച്ചയായി സംരക്ഷിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജയില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് കഴിഞ്ഞ ദിവസവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്.
പ്രതികളുടെ ജാമ്യം നിഷേധിച്ച് കൊണ്ടുള്ള കോടതിയുടെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണ്. ഇത് വിശ്വാസ സമൂഹവും ജനാധിപത്യ വിശ്വാസികളും നിയമവാഴ്ച ആഗ്രഹിക്കുന്ന പൗരന്‍മാരും ശക്തമായ പ്രതിഷേധത്തോടെയാണ് വീക്ഷിക്കുന്നത്. അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനത്തെ സിപിഎം ബോധപൂര്‍വ്വം തടസ്സപ്പെടുത്തുന്നു.
ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം എത്താനുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അതിലും നടപടിയില്ല. മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് പരമരഹസ്യമാക്കി വെയ്ക്കാന്‍ അന്വേഷണം സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത് ആരാണ്?
സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം മുഴുവന്‍ പ്രതികളിലേക്കും എത്തണമെങ്കില്‍ അന്വേഷണ സംഘത്തിന് മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണം ഇല്ലാതാകണം. എത്രയും വേഗം നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടെടുക്കണം. നിര്‍ഭയമായി ഉന്നതരെ ചോദ്യം ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അന്വേഷണം സംഘം തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |