മഞ്ചേരി: മൈസൂർ രാജീവ് നഗർ സ്വദേശിയായ പാരമ്പര്യവൈദ്യൻ ഷാബ ശരീഫ് (50) വധക്കേസിൽ ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി വീട്ടിൽ ഷൈബിൻ അഷ്റഫ് (37)ന് 13 വർഷവും ഒൻപതു മാസവും തടവും, 2.45 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. രണ്ടാം പ്രതിയും ഷൈബിന്റെ മാനേജരുമായിരുന്ന സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39)ന് എട്ട് വർഷവും ഒമ്പതു മാസവും തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചപ്പോൾ ആറാം പ്രതിയും ഡ്രൈവറുമായ മുക്കട്ട നടുത്തൊടിക നിഷാദ് (32)ന് അഞ്ച് വർഷവും ഒമ്പത് മാസവും തടവും 45000 രൂപ പിഴയുമാണ് ഇന്നലെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എം.തുഷാർ ശിക്ഷ വിധിച്ചത്.
ഇതു കൂടാതെ ഗൂഡാലോചന നടത്തിയതിന് രണ്ട് വർഷം വീതം തടവും അന്യായമായി തടങ്കലിൽ പാർപ്പിച്ചതിന് മൂന്ന് വർഷം തടവും തെളിവ് നശിപ്പിച്ചതിന് ഒമ്പതു മാസത്തെ തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഓരോ വകുപ്പിലും 15000 രൂപ വീതം പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം വീതം അധിക തടവും അനുഭവിക്കണം. ഈ മൂന്ന് വകുപ്പിലുള്ള ശിക്ഷകളും മൂന്ന് പ്രതികൾക്കും ബാധകമാണ്. മനപ്പൂർവ്വമല്ലാത്ത നരഹത്യ വകുപ്പിൽ ഒന്നാം പ്രതിക്ക് എട്ടു വർഷത്തെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസത്തെ അധിക തടവും അനുഭവിക്കണം.
15 പ്രതികളുള്ള കേസിൽ ഒമ്പത് പേരെ കോടതി തെളിവുകളുടെ അഭാവത്തിൽ നേരത്തെ വെറുതെ വിട്ടിരുന്നു.
ഏഴാംപ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. ഡി.എൻ.എ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. 2019 ആഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ രഹസ്യം ചോർത്താൻ ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ചെന്നും കടുത്ത പീഡനങ്ങൾക്ക് വിധേയനാക്കിയെങ്കിലും ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താതിനെ തുടർന്ന് 2020 ഒക്‌ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്. ഷാബാ ഷെരീഫിന്റെ ഭാര്യ,മക്കൾ,പേരക്കുട്ടി,സഹോദരൻ എന്നിവരുൾപ്പടെ 80 സാക്ഷികളെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം കൃഷ്ണൻ നമ്പൂതിരി കോടതി മുമ്പാകെ വിസ്തരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |