വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ ആഴത്തിലുള്ള സൗഹൃദമുണ്ടെന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. കഴിഞ്ഞ ജൂലായിൽ ട്രംപിന് നേരെ പെൻസിൽവേനിയയിൽ വച്ച് വധശ്രമമുണ്ടായപ്പോൾ പുട്ടിൻ പള്ളിയിൽ പോയി അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചെന്ന് വിറ്റ്കോഫ് പറയുന്നു.
ഫോക്സ് ന്യൂസ് മുൻ അവതാരകൻ ടക്കർ കാൾസണുമായി പോഡ്കാസ്റ്റ് അഭിമുഖത്തിൽ പങ്കെടുക്കവെയാണ് വിറ്റ്കോഫിന്റെ പരാമർശം. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി അടുത്തിടെ മോസ്കോയിലെത്തിയ വിറ്റ്കോഫ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുട്ടിന് ട്രംപുമായി സൗഹൃദമുണ്ടെന്നും തന്റെ സുഹൃത്തിനായി അദ്ദേഹം പ്രാർത്ഥിച്ചെന്നും വിറ്റ്കോഫ് പറഞ്ഞു.
ഇക്കാര്യം താൻ ട്രംപിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തെ അത് ആഴത്തിൽ സ്‌പർശിച്ചു. റഷ്യയിലെ ഒരു പ്രഗത്ഭനായ കലാകാരൻ വരച്ച ട്രംപിന്റെ മനോഹരമായ ഛായാച്ചിത്രം പുട്ടിൻ സമ്മാനമായി നൽകിയെന്നും വിറ്റ്കോഫ് കൂട്ടിച്ചേർത്തു. പുട്ടിനെ ട്രംപ് മുമ്പ് 'ജീനിയസ്" എന്നും 'ശക്തനായ നേതാവ് " എന്നും വിശേഷിപ്പിച്ചിരുന്നു.
യുക്രെയിൻ വിഷയത്തിൽ പുട്ടിനെയും റഷ്യയേയും രൂക്ഷ ഭാഷയിൽ വിമർശിക്കാതെയുള്ള സമീപനമാണ് ട്രംപ് സ്വീകരിക്കുന്നത്. ഇരുനേതാക്കളും അടുത്തിടെ ഫോൺ സംഭാഷണങ്ങളും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |