SignIn
Kerala Kaumudi Online
Sunday, 04 October 2026 2.25 PM IST

സോഫ്റ്റ് ഡ്രിങ്ക് മാർക്കറ്റിൽ പ്രധാനി,​ ഒരു കാലത്ത് മലയാളികളടക്കം വാങ്ങിക്കൂട്ടി; ഗംഭീര തിരിച്ചുവരവിനൊരുങ്ങി രസ്‌ന

READ ENGLISH VERSION
rasna

ഒരു കാലത്ത് ഇന്ത്യൻ വിപണികളിൽ ഏ​റ്റവും സജീവമായി നിന്നിരുന്ന സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡാണ് രസ്‌ന. ഗൾഫ് നാടുകളിൽ നിന്നെത്തുന്ന പ്രവാസികൾ രസ്‌നയുടെ പല വകഭേദങ്ങൾ കൊണ്ടുവരുമായിരുന്നുവെങ്കിലും മിക്കവർക്കും പ്രിയം നമ്മുടെ കടകളിൽ നിന്ന് വാങ്ങുന്ന രസ്‌നയോടായിരുന്നു. പരസ്യരംഗത്തും രസ്‌ന സജീവമായിരുന്നു. അഞ്ചുരൂപയുടെ പായ്ക്കറ്റ് വാങ്ങിയാൽ 32 ഗ്ലാസ് ശീതളപാനീയമുണ്ടാക്കാം എന്നതായിരുന്നു അവകാശവാദം. 80കളിലും 90കളിലും ഐ ലവ് യു രസ്‌ന എന്ന പേരിലുള്ള പരസ്യം വലിയ തോതിലാണ് ജനങ്ങളുടെ മനസിൽ ഇടംപിടിച്ചത്. കേരളത്തിലെയും അവസ്ഥ സമാനമായിരുന്നു. 60 രാജ്യങ്ങളിലാണ് രസ്‌ന ഇപ്പോൾ വിൽക്കുന്നത്.

കുട്ടികൾ ഉൾപ്പടെ മുതിർന്നവർ രസ്‌നയുടെ ആരാധകരായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ രീതിയിൽ ഇന്ത്യയിൽ രസ്‌നയുടെ മാർക്ക​റ്റിംഗ് നടക്കുന്നില്ല. ഇപ്പോഴിതാ വലിയ രീതിയിലുളള തിരിച്ചുവരവിന് ഒരുങ്ങുകയാണ് രസ്‌ന കമ്പനിയെന്ന് ചെയർമാൻ പിറൂസ് ഖംബാട്ടാ മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പങ്കുവച്ചു. അടുത്ത വർഷം അവസാനത്തോടെ ഒരു ലക്ഷം ഔട്ട്‌ലെ​റ്റുകളിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിലൂടെ കമ്പനി 25 മുതൽ 30 ശതമാനം വരെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. ആഗോള തലത്തിൽ ഏ​റ്റവും വില കുറഞ്ഞ പാനീയമായതിനാൽ യൂണി​റ്റ് വിലയുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ കയറ്റുമതി വളർച്ചയും ശക്തിപ്പെടുത്താൻ കഴിയുമെന്നും ചെയർമാൻ പറഞ്ഞു.

ബീഹാറിനെ പാട്നയിൽ രസ്‌നയുടെ പുതിയ ഉൽപ്പാദന പ്ലാന്റ് നിർമിക്കുകയാണ്. ഇവിടെ നിന്ന് പ്രതിവർഷം രണ്ട് മില്യൺ കെയ്സുകൾ നിർമിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയിൽ നിന്നുളള അസംസ്‌ക്യത വസ്തുക്കളായ പഴങ്ങൾ, പഞ്ചസാര, എന്നിവ ഉപയോഗിച്ച് കൊണ്ടായിരിക്കും രസ്‌ന ഉൽപ്പന്നങ്ങൾ നിർമിക്കുകയെന്നും പിറൂസ് ഖംബാട്ടാ വ്യക്തമാക്കി. ചൈന ഉൾപ്പടെയുളള രാജ്യങ്ങളെ അപേക്ഷിച്ച് രസ്‌നയ്ക്ക് നികുതി പ്രശ്നങ്ങളെ കാര്യക്ഷമമായി നേരിടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2023ൽ ആഗോള പഴവർഗ വിപണിയുടെ വളർച്ച 2.46 ബില്യൺ ഡോളറായിരുന്നു. ഇത് 2030 ആകുമ്പോഴേയ്ക്കും 7.27 ബില്യൺ ഡോളറിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2024 മുതൽ 2031 വരെ 14.50 ശതമാനം സംയോജിത വാർഷിക വളർച്ചാനിരക്കായി ഉയരുമെന്നും കണക്കുകളുണ്ട്. എന്നാൽ അമേരിക്ക കൊണ്ടു വന്നിരിക്കുന്ന പുതിയ നികുതി വ്യവസ്ഥയെ മറികടക്കാനുളള ശ്രമവും രസ്‌ന നടത്തുന്നുണ്ട്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ നികുതി ഈടാക്കുന്നതിൽ പല പരിഷ്കരണങ്ങളും കൊണ്ടുവന്നിരുന്നു. ഇത് അമേരിക്കയിൽ തിരിച്ചടിയായിട്ടുണ്ട്. ഈ പ്രശ്നങ്ങളെ പരിഹരിക്കാൻ രസ്‌ന കൂടുതൽ പ്രാപ്തി നേടിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.


ആഗോളതലത്തിൽ വലിയ ലാഭം ലഭിക്കുമെന്ന പ്രതീക്ഷ രസ്‌നയ്ക്കുണ്ടെങ്കിലും ദേശീയ വിപണിയിൽ പല തരത്തിലുളള വെല്ലുവിളികളും നിലനിൽക്കുന്നുണ്ട്. ഗ്രാമീണ ജനതയുടെ ഡിസ്‌പോസിബിൾ ഇൻകം (വ്യക്തിഗത വരുമാനത്തിൽ നിന്ന് നിലവിലെ നികുതി ഒഴികെയുളള വരുമാനം) പ്രതീക്ഷിച്ചത് പോലെ വർദ്ധിക്കാത്തതാണ് കാരണം. ഈ വർഷം വേനൽക്കാലം നേരത്തെയാണ്. ഇത് വ്യവസായത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഉടൻ തന്നെ വിതരണ സൗകര്യങ്ങൾ ഒരുക്കണമെന്നത് രസ്‌ന നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RASNA, MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360