
കൊച്ചി: കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയിൽ ചരിത്രമെഴുതി പ്രമുഖ അർബൻ സഹകരണ ബാങ്കായ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് കൊച്ചിയിലെ എം.എം.സി ബാങ്കിനെ ഏറ്റെടുക്കുന്നു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു അർബൻ സഹകരണ ബാങ്ക് മറ്റൊരു അർബൻ ബാങ്കിനെ ഏറ്റെടുക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ഗോവ സംസ്ഥാനങ്ങളിൽ ഇത്തരം ലയനങ്ങൾ പതിവാണെങ്കിലും കേരളത്തിൽ ഇതാദ്യമാണ്.
സാമ്പത്തിക നില ദുർബലമായതിനാൽ ബാങ്കിംഗ് ലൈസൻസ് തിരികെ നൽകി സാധാരണ സഹകരണ സംഘമായി തുടരുകയോ ശക്തമായ മറ്റൊരു അർബൻ ബാങ്കുമായി ലയിക്കുകയോ വേണമെന്ന് എം.എം.സി ബാങ്കിനോട് ആർ.ബി.ഐ നിർദ്ദേശിച്ചിരുന്നു. നിക്ഷേപകരുടെയും അംഗങ്ങളുടെയും ജീവനക്കാരുടെയും താൽപര്യം പരിഗണിച്ച് എം.എം.സി ബാങ്ക് സാമ്പത്തികമായി കരുത്തുള്ള ടയർ–III ബാങ്കായ പീപ്പിൾസ് അർബൻ സഹകരണ ബാങ്കുമായുള്ള ലയനം തിരഞ്ഞെടുക്കുകയായിരുന്നു.
ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡുകൾ അംഗീകരിച്ച ലയന പദ്ധതിക്ക് പൊതുയോഗങ്ങളിൽ ഐകകണ്‌ഠ്യേന അംഗീകാരം ലഭിച്ചു. റിസർവ് ബാങ്കും ലയനത്തിന് അന്തിമ അനുമതി നൽകി. സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണമെന്ന തത്ത്വത്തിന്റെ പ്രായോഗിക മാതൃകയാണിതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തെ മറ്റൊരു സഹകരണ ബാങ്ക് പിന്തുണച്ച് നിക്ഷേപകരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിലൂടെ പൊതുജന വിശ്വാസം ഉറപ്പിക്കാനാണ് പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |