തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലെ ആറ് കുഞ്ഞുങ്ങളെക്കൂടി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമിതിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചതിന് പിന്നാലെയാണ്, മറ്റു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞുങ്ങളെ എസ്.എ.ടിയിൽ അഡ്‌മിറ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ശ്വാസതടസവും അനുഭവപ്പെടുന്നുണ്ട്.
അഞ്ചുമാസം മുതൽ ഒന്നരവയസുവരെയുള്ള കുഞ്ഞുങ്ങളാണ് ചികിത്സയിലുള്ളത്.
നിലവിൽ കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നും പകർച്ചവ്യാധിയാണോ കുഞ്ഞുങ്ങളെ ബാധിച്ചിട്ടുള്ളതെന്ന് അറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഒരുമാസത്തിനിടെ രണ്ടാമത്തെ കുഞ്ഞാണ് ശിശുക്ഷേമസമിതിയിൽ മരിക്കുന്നത്. ശനിയാഴ്ച രാവിലെ ആറരയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആറുമാസം പ്രായമുള്ള കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒൻപതരയോടെ കുഞ്ഞ് മരിച്ചു.
പനിയെ തുടർന്ന് ഈ കുഞ്ഞ് ഫെബ്രുവരി 22 മുതൽ മാർച്ച് ഏഴ് വരെ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു. ഇടയ്ക്ക് പനി വന്നപ്പോൾ വീണ്ടും ഡോക്ടറെ കാണിച്ചിരുന്നു. മരുന്ന് നൽകിയെങ്കിലും ശനിയാഴ്ച വീണ്ടും ശ്വാസംമുട്ടൽ കൂടുകയായിരുന്നു. ന്യുമോണിയയാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വനിതാശിശുവികസന വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |