കൊച്ചി: കാത്തിരിപ്പ് നാലു വർഷം... ഒടുവിൽ ഒഡീഷക്കാരൻ ചന്തുനായിക്കിനെ 'പുലിമുരുകൻ" ചേർത്തുപിടിച്ചു. സത്യൻ അന്തിക്കാട് ചിത്രമായ 'ഹൃദയപൂർവ"ത്തിൽ മോഹൻലാലിനു കീഴിൽ കിച്ചൻബോയി ആയി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ചായക്കട ജീവനക്കാരനായ ചന്തു. കൊച്ചിയിൽ ലാലിനൊപ്പമുള്ള ചില ഭാഗങ്ങൾ ചിത്രീകരിച്ചു. ഡയലോഗോടു കൂടിയ തുടർചിത്രീകരണം വരും ദിവസങ്ങളിൽ ഉണ്ടാകും.
'പുലിമുരുകൻ" തലയ്‌ക്കുപിടിച്ച്,മോഹൻലാലിനൊപ്പം സിനിമയിൽ അഭിനയിക്കാനായി നാലുവർഷം മുമ്പാണ് ഈ 23കാരൻ നാടുവിട്ട് കേരളത്തിൽ എത്തിയത്. പ്രിയതരത്തെ സെറ്റിൽ വച്ചാണ് ചന്തു ആദ്യമായി കണ്ടത്. മോഹൻലാൽ ചേർത്തുപിടിച്ച് വീട്ടുവിശേഷങ്ങളടക്കം ചോദിക്കുകയും എന്തൊക്കെ പാചകം ചെയ്യാനറിയാമെന്നും അന്വേഷിച്ചുവെന്നും ചന്തു പറയുന്നു.
ഇതിനിടെ തമിഴ് സിനിമയിലേക്കും ക്ഷണവും കിട്ടി. ഹൃദയപൂർവം പൂർത്തിയാക്കിയശേഷം ഒഡീഷയിലേക്കു പോകുന്ന ചന്തു കേരളത്തിൽ സ്ഥിരതാമസമാക്കാനാണ് തീരുമാനം.
സിനിമ തലയ്ക്കുപിടിച്ചു,
പഠനം നിറുത്തി
കർഷകനായ കൈലാഷ് നായിക്കിന്റെയും റുനു നായിക്കിന്റെയും മകനാണ് ചന്തു. എട്ടാം ക്ലാസിൽ പഠനം നിറുത്തി അച്ഛനെ സഹായിക്കുമ്പോഴും മനസുനിറയെ സിനിമയായിരുന്നു. 'പുലിമുരുകൻ" മൊബൈലിലാണ് കണ്ടത്. അതോടെ മോഹൻലാലിന്റെ ഫാനായി. പിന്നെ വൈകിയില്ല,കേരളത്തിലേക്കു പുറപ്പെട്ടു. പല സ്ഥലങ്ങളിലും ലാലേട്ടനെ അന്വേഷിച്ചെത്തിയെങ്കിലും കാണാനായില്ല. ആരും സഹായിച്ചില്ല. ഫോർട്ട്‌കൊച്ചിക്കടുത്ത് ചായക്കടയിൽ പാത്രം കഴുകൽ അടക്കമുള്ള എല്ലാ ജോലികളും പഠിച്ചു;ഒപ്പം മലയാളവും. ഇതിനിടെ മുംബയിൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരംകിട്ടി. അതിൽ ജേതാവായതോടെ സൽമാൻഖാന്റെ രണ്ടു സിനിമകളിൽ മുഖം കാണിക്കാൻ അവസരംകിട്ടി. രാധാകൃഷ്ണ എന്ന ഹിന്ദി സീരിയലിലും ചെറിയ വേഷം ചെയ്തു. ഇതിനിടെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയുടെ വിളി എത്തി. പുതിയ സിനിമയുടെ ക്രൂ വിളിക്കുമെന്നു പറഞ്ഞു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
മോഹൻലാലിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ഹിന്ദിയടക്കം ഇതുവരെ കണ്ട സിനിമകളിൽ ഏറ്റവും സൂപ്പർ പുലിമുരുകനാണ്. വില്ലൻ വേഷങ്ങൾ ചെയ്യണമെന്നുണ്ട്. മലയാളത്തിൽ മമ്മൂട്ടിയും ദിലീപുമാണ് മറ്റ് ഇഷ്ടതാരങ്ങൾ.
-ചന്തു നായിക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |