തിരുവനന്തപുരം: സംസ്ഥാന ബിജെപി അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളത്തിന്റെ സംഘടന തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവദേക്കർ മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റാകാൻ താത്പര്യമില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, കേരളത്തിലെ യുവജനങ്ങളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വാധീനം വർദ്ധിപ്പിക്കാനും രാജീവിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു. പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരത്തെത്തിയ രാജീവ് ചന്ദ്രശേഖർ സംസ്ഥാന സഹവരണാധികാരി നാരായണൻ നമ്പൂതിരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ശശി തരൂരിനെ എതിരിടാൻ കേരളത്തിലെ പ്രമുഖരെ ഒഴിവാക്കി ഇക്കുറി രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നപ്പോൾ തന്നെ കേരളത്തിൽ ഒരു പുതിയ മുഖം വേണമെന്ന നിലപാടിലേക്ക് കേന്ദ്രനേതൃത്വം നീങ്ങുന്നതായി സൂചനയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |