താമരശേരി: ഷിബില വധക്കേസ് പ്രതിയായ ഭർത്താവ് യാസിറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 27ന് 11 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. യാസിറിനെ ഇന്ന് ജയിലിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഷിബിലയെ കൊലപ്പെടുത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യത്തിൽ പൊലീസ് വിവരങ്ങൾ പുറത്തുവിട്ടില്ല. യാസിറിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.
നാട്ടുകാർ രോഷാകുലരാകുമെന്ന ഭയത്തെത്തുടർന്നാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടി പൊലീസ് നീട്ടിക്കൊണ്ടുപോയത്. ഷിബില ഭർത്താവിനെതിരെ നേരത്തേ നൽകിയ പീഡന പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് സ്റ്റേഷൻ പിആർഒയും ഗ്രേഡ് എസ്‌ഐയുമായ കെകെ നൗഷാദിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ടാണ് ഷിബിലയെ ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാടുള്ള വീട്ടിൽ കയറി യാസിർ കുത്തിക്കൊന്നത്. ഷിബിലയുടെ പിതാവിനും മാതാവിനും കുത്തേറ്റിരുന്നു. ലഹരിക്കടിമയായ യാസിർ കൃത്യം നടത്തിയ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് വൈദ്യപരിശോധനയിൽ കണ്ടെത്തിയത്. യാസിറിന്റെ ലഹരി ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |