മൂവാറ്റുപുഴ: ഒഴിഞ്ഞു കിടന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പോത്താനിക്കാട് കീപ്പനശ്ശേരി പീടിക വേലമ്മാവുകുടി എൽദോസ് ജോർജിനെയാണ് (46) കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കല്ലൂർക്കാട് വെള്ളാരം കല്ല് ചാല് സ്വദേശി കല്ലിങ്കൽ അനുവിനെ (34) കഴിഞ്ഞ 15ന് രാവിലെ 10 മണിയോടെ വിദേശത്ത് ജോലി ചെയ്യുന്ന ആളുടെ ഒഴിഞ്ഞു കിടന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.
വീട് നോക്കാൻ ഏൽപ്പിച്ചിരുന്നത് അനുവിനെ ആയിരുന്നു. ഈ വീടിന്റെ അടുക്കളയിൽ രക്തം ഛർദ്ദിച്ച ശേഷം കിടപ്പുമുറിയിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. അറസ്റ്റിലായ യുവാവ് തലേന്ന് രാവിലെ അനുവിനെ ഇരുചക്ര വാഹനത്തിൽ നിന്ന് ഹെൽമറ്റ് വലിച്ചൂരിയ ശേഷം അടിച്ചു വീഴ്ത്തുന്ന സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അടിയേറ്റ ശേഷം ബോധം നഷ്ടപ്പെട്ട ബിനു പിന്നീട് എഴുന്നേറ്റിരിക്കുകയും അടിച്ചയാൾ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ട് കൂടെയുണ്ടായിരുന്ന ആൾക്ക് പണം നൽകാൻ ശ്രമിക്കുകയും ചെയ്തെന്നാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി സൂചിപ്പിക്കുന്നുണ്ട്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് എൽദോസിനെതിരെ കേസ് എടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |