ന്യൂഡൽഹി: മുസ്ളിം സംവരണത്തിനായി ഭരണഘടനാ ഭേദഗതി വരുത്തുത്താനുള്ള കർണാടക സർക്കാർ നീക്കത്തിനെതിരെ എൻ.ഡി.എ അംഗങ്ങളുടെ പ്രതിഷേധത്തിൽ രാജ്യസഭ പൂർണമായി സ്‌തംഭിച്ചു. കോൺഗ്രസ് പാർലമെന്റിൽ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഭരണഘടനയുടെ സംരക്ഷണമാണ് ലക്ഷ്യമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഒരു ദേശീയ ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡി.കെ.ശിവകുമാറാണ് ഭരണഘടനാ ഭേദഗതിയെന്ന വിവാദ പ്രസ്‌താവന നടത്തിയത്. ഇന്നലെ രാവിലെ പാർലമെന്റിന്റെ ഇരുസഭകളിലും ബി.ജെ.പി വിഷയം ഉന്നയിച്ചു. രാജ്യസഭയിൽ എൻ.ഡി.എ അംഗങ്ങൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് മുദ്രാവാക്യം വിളിച്ചു. തുടർന്ന് അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ വിഷയം വിശദീകരിക്കാൻ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടു.
ഭരണഘടനാ പദവി വഹിക്കുന്ന കോൺഗ്രസ് നേതാവാണ് ഭരണഘടനയിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് അവകാശപ്പെട്ടത്. അംബേദ്കറുടെ ഫോട്ടോ കൈയിൽ വച്ചാണ് ഇവർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് - റിജിജു പറഞ്ഞു. ഭരണഘടനയെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമമെന്ന് സഭാനേതാവ് നദ്ദയും ആരോപിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പറ്റില്ലെന്ന് ഡോ. അംബേദ്കർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും, കർണാടകയിൽ പൊതു കരാറുകളിൽ ന്യൂനപക്ഷങ്ങൾക്ക് 4 ശതമാനം സംവരണം നടപ്പിലാക്കി.
ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ആരോപണം നിഷേധിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ആർക്കും മാറ്റാൻ കഴിയില്ല.
ആരോപണം പരിശോധിക്കാൻ ജഗ്‌ദീപ് ധൻകർ ആവശ്യപ്പെട്ടു. അതിനിടെ ഇരുപക്ഷവും മുദ്രാവാക്യംവിളി തുടർന്നു. ബഹളത്തിൽ സഭ രണ്ടു മണി വരെ നിർത്തിവച്ചു. രണ്ടുമണിക്കും സഭ ശാന്തമാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ ബഹളത്തിൽ 12 മണി വരെയും പിന്നീട് രണ്ടുമണി വരെയും നിറഉത്തിയിരുന്നു.
ശിവകുമാർ പറഞ്ഞത്
ഞങ്ങൾ കരാറുകളിൽ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം തീരുമാനിച്ചു. ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നറിയാം. നമുക്ക് നല്ലൊരു നാളേക്കായി കാത്തിരിക്കാം. കസേരകൾ മാറും. നല്ല ദിവസം വരും. ഭരണഘടനയെ മാറ്റിമറിക്കുന്ന വിധിന്യായങ്ങളുമുണ്ട്.
മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം നൽകുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. വാക്കുകൾ വളച്ചൊടിച്ചതാണ്
- ഡി.കെ.ശിവകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |