പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു. ആലത്തൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ചെന്താമരയാണ് ഏക പ്രതി. 480 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസിൽ പൊലീസ് ഉൾപ്പടെ 130ൽ കൂടുതൽ സാക്ഷികളാണുള്ളത്. 30ൽ കൂടുതൽ രേഖകളും ഫോറൻസിക് പരിശോധന ഫലങ്ങളും ഉൾപ്പടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്.
പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് ചെന്താമര ക്രൂരമായി കൊന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. ജനുവരി 27ന് രാവിലെ കത്തി പിടിച്ചുനിൽക്കുന്നത് കണ്ടപ്പോൾ അയൽവാസിയായ സുധാകരൻ വാഹനം റിവേഴ്സ് എടുത്തു. ഇതിനിടെയുണ്ടായ പ്രകോപനത്തിനിടെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഈ സമയം വീടിനുമുന്നിൽ നിന്നിരുന്ന ലക്ഷ്മി ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ അവരേയും ആക്രമിക്കുകയായിരുന്നു. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്.
കടുത്ത അന്ധവിശ്വാസത്തിന് അടിമയായിരുന്നു ചെന്താമര. ഇയാളുടെ കുടുംബം തകർന്നതിന് പിന്നിൽ മുടിനീട്ടി വളർത്തിയ ഒരു യുവതിയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് വിശ്വസിച്ച ചെന്താമര തൊട്ടടുത്ത വീട്ടിലെ സജിതയെയും പുഷ്പയെയും സംശയിച്ചിരുന്നു. സജിത ഫോണിൽ സംസാരിക്കുമ്പോൾ അത് തന്റെ ഭാര്യയോടാണെന്ന് കരുതി. ജോത്സ്യന്റെ വാക്കു വിശ്വസിച്ച് സജിതയുടെ കുടുംബത്തെ നശിപ്പിക്കാൻ മനസിൽ വൈരാഗ്യം ഊട്ടി ഉറപ്പിക്കുകയായിരുന്നു. 2019ൽ വീട്ടിൽ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തിൽ വെട്ടിയാണ് സജിതയെ ഇയാൾ കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |